‘നാട്ടിൻപുറ നക്ഷത്ര വിളക്കുകൾ’ നഗര വീഥിയിൽ വിൽപ്പനയ്‌ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ‘മിന്നിവിളങ്ങും താരഗണങ്ങൾ പുഞ്ചിരി തൂകുമ്പോൾ… ശ്രീയേശുരാജന്റെ നല്ല ജന്മനാൾ…’ ഒരുകാലത്ത് ഗ്രാമാന്തരങ്ങളിൽ ആഘോഷരാവുകൾ സമ്മാനിച്ച നാടൻ നക്ഷത്ര വിളക്കുകൾ വീണ്ടും ഗൃഹാതുരത്വമുണർത്തി വഴിയോര വിൽപ്പനയ്‌ക്ക് എത്തിയത് കൗതുകമായി.
ക്രിസ്‌മസിനെ വരവേൽക്കാൻ നക്ഷത്രവിളക്ക് –- ട്രീ നിർമാണം നാട്ടിലാകെ പതിവായിരുന്നു പണ്ട്. കൈകൊണ്ട് വെട്ടിയൊട്ടിച്ച വർണക്കടലാസും ഈറ്റപ്പൊളിയും കൊണ്ട് അഞ്ച് മൂലകളുള്ള സ്‌റ്റാർ നിർമിക്കുന്നത് കരവിരുത് തന്നെയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലം മാറി കഥ മാറി, നാടും നഗരവും പച്ചപരിഷ്‌കാരികളെക്കൊണ്ട് നിറഞ്ഞപ്പോൾ നക്ഷത്രവിളക്കിന്റെയും കോലംമാറി. ഇന്ന് അവയിൽ പലതും നക്ഷത്രമേ അല്ല. വൈദ്യുതി വിളക്കിന് തോന്നുംപടി ഒരു ആവരണം അത്രമാത്രം! പക്ഷേ പഴയ നാടൻ നക്ഷത്രവിളക്ക് ഉണ്ടാക്കി വിൽക്കാൻ അഭ്യസ്‌തവിദ്യനായ ഒരു ചെറുപ്പക്കാരൻ, അതും തൊഴിൽരഹിതൻ തയ്യാറായപ്പോൾ അത് പാഠമായി.
കോട്ടയം ചുങ്കത്ത് വഴിയോരത്ത് ഈ നാടൻ നക്ഷത്രവിളക്കുകളുടെ വിപണനം തകൃതിയാണിപ്പോൾ. മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ ലിജോമോനാണ് തടിയും വെള്ള കടലാസും കൊണ്ട് നിർമ്മിച്ച നക്ഷത്രവിളക്കുകൾ വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്.
രണ്ട് വർഷം മുമ്പ് കോവിഡ് പടർന്ന്‌പിടിച്ച ചെന്നൈയിൽ നിന്ന് ഹുണ്ടായി കാറുകളുടെ സ്പെയർ പാർട്സ് നിർമ്മിക്കുന്ന കമ്പനിയിലെ ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയയാളാണ് ഈ യുവാവ്. മറ്റു പണികൾ കിട്ടാതെ വന്നപ്പോൾ സ്വയം കണ്ടെത്തിയതാണ് ക്രിസ്‌മസ് വിളക്കുകളുടെ നിർമ്മാണവും വിൽപ്പനയും.
കഴിഞ്ഞ വർഷവും ഇത്തരം നക്ഷത്ര വിളക്കുകൾ ഉണ്ടാക്കി വിൽപ്പന നടത്തി. ഇക്കുറി ആവശ്യക്കാരേറി. 500 രൂപയാണ് വിളക്ക് ഒന്നിന് വില. ആവശ്യം പോലെ വലിയ നക്ഷത്ര വിളക്കുകളും ഉണ്ടാക്കി നൽകുന്നുണ്ടെന്ന് ലിജോമോൻ പറഞ്ഞു. നക്ഷത്ര വിളക്കുകൾ കൂടാതെ ചെറിയ പുൽക്കൂടുകളും വിൽപ്പനയ്‌ക്കുണ്ട്. വില 600 രൂപ മാത്രം!