
കോഴിക്കോട്: വൻ രാഷ്ട്രീയ വിവാദമുയർത്തിയ കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നല്‍കി.
കേസില്‍ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്‍റെ നീക്കം. മുൻകൂർ ജാമ്യഹര്‍ജി ജൂലൈ മൂന്നിന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
സ്ക്രീൻഷോട്ട് ആര് നല്‍കിയതാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുതുതായി ചോദ്യം ചെയ്ത നാല് പേരും സ്ക്രീൻഷോട്ട് എവിടെ നിന്നും ലഭിച്ചെന്ന് വ്യക്തമാക്കിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിവൈഎഫ്‌ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുല്‍ എന്നിവരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഗ്രൂപ്പുകളില്‍ നിന്ന് ഫോർവേഡ് ചെയ്ത് കിട്ടിയതാണെന്ന മുൻ നിലപാടില്‍ തന്നെയാണ് ഇവർ ഉറച്ചുനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ മാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ള പ്രധാന വഴി. കേസില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം ഉടൻ ലഭ്യമാകുമെന്നാണ് സൂചന. ഫോറൻസിക് റിപ്പോർട്ട് പുറത്തുവരുന്നതോടെ സ്ക്രീൻഷോട്ട് ആദ്യമായി നിർമ്മിച്ചതും പ്രചരിപ്പിച്ചതുമായ ഡിജിറ്റല്‍ വിലാസങ്ങള്‍ കണ്ടെത്താനാകുമെന്നും, അതിലൂടെ കേസിന് കൃത്യമായ ഉത്തരം ലഭിക്കുമെന്നുമാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
അതേസമയം, വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പൊലീസിനെതിരെ പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ജാമ്യം ലഭിക്കുവാൻ പൊലീസ് സഹായം ചെയ്യുന്നോ എന്ന് സംശയമുണ്ടെന്നും കാസിമിന്റെ അഭിഭാഷകൻ ആരോപിച്ചു.
ജിതിൻ ഭാസ്കറിന്റെ ജാമ്യഹർജിയില്‍ പൊലീസ് നല്‍കിയ റിപ്പോർട്ടിനെതിരെയാണ് വിമർശനം. ജിതിൻ ഭാസ്കറിന്റെ ജാമ്യപേക്ഷ നാളെ പരിഗണിക്കും. പരിഗണിച്ചിരുന്ന ജഡ്ജി അവധിയായതോടെയാണ് ഹർജി മാറ്റിയത്.







