
കൊച്ചി: കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്ന ചെറിയാൻ ഫിലിപ്പിന്റെ വീഡിയോ ഏറെ വൈറലായിരുന്നു.
ഒപ്പം വിവാദവും വിമർശനങ്ങളും ചെറിയാനെതിരെ ഉയർന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകള്‍ക്ക് മേലുള്ള അതിക്രമങ്ങള്‍ തടയാനുള്ള ആഭ്യന്തര കമ്മിറ്റികള്‍ രാഷ്ട്രീയ പാർട്ടികള്‍ ആരംഭിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയെന്ന ക്ലാസ് പാർട്ടി എടുത്തുകൊടുക്കണമെന്നും ചിന്മയി പരിഹാസത്തോടെ പറഞ്ഞു.
ചിന്മയി ശ്രീപദയുടെ വാക്കുകള്‍ ഇങ്ങനെ
കേരളത്തിലെ ഒരു പുരുഷ കോണ്‍ഗ്രസുകാരനും ഒരു സ്ത്രീ കോണ്‍ഗ്രസുകാരിയും തമ്മിലുള്ളൊരു വീഡിയോയെ കുറിച്ചാണ് ഞാൻ പറയുന്നത്. ഈ വീഡിയോ കണ്‍സെന്റ് എന്താണ് എന്നത് നിങ്ങളെ പഠിപ്പിക്കും. തന്നെ കെട്ടിപ്പിടിക്കാൻ വന്ന ആളെ(ചെറിയാൻ ഫിലിപ്പ്) അവർ(ബിന്ദു കൃഷ്ണ) തള്ളിമാറ്റുന്നുണ്ട്. അവർക്ക് അതിനോട് താല്പര്യമില്ലെന്ന സൂചന വളരെ വ്യക്തവും കൃത്യവുമായി തന്നെ അതിലൂടെ നല്കി. എന്നിട്ടും അയാള്‍ അവരെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റൊരാള്‍ ഇയാളോട് എന്തിന് ഇങ്ങനെ ചെയ്യുന്നു എന്നോ മറ്റോ പറയുന്നത് കാണാം. അതില്‍ എനിക്ക് വ്യക്തതയില്ല.
അവർ(ബിന്ദു കൃഷ്ണ) ദേഷ്യപ്പെടുന്നില്ല, ചിരിക്കുകയാണല്ലോ, അത്രയും വിനയമൊന്നും കാണിക്കേണ്ടിയിരുന്നില്ല, ചെരുപ്പ് ഊരി അടിച്ചൂടായിരുന്നോ എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നുണ്ട്. ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ ഇങ്ങനെ ഒക്കെ ചെയ്യണമെന്നാണ് കമന്റിടുന്നവർ കരുതുന്നത്. എന്നാല്‍ ഇതൊന്നും യഥാർത്ഥ ജീവിതത്തില്‍ നടക്കാൻ പോകുന്നില്ല. ഇനി സ്ത്രീകള്‍ രൂക്ഷമായി പ്രതികരിച്ചാല്‍ തന്നെ കൊലചെയ്യപ്പെട്ടേക്കാം, ആസിഡ് ആക്രമണം നേരിട്ടേക്കാം, കഷണങ്ങളാക്കി ആസിഡ് വീപ്പയില്‍ ലയിപ്പിച്ചേക്കാം, കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്താക്കും. പ്രതികരിക്കുന്ന സ്ത്രീകള്‍ ഇങ്ങനെ പലതരത്തിലുള്ള ഒരുപാട് ക്രൂരതകള്‍ അനുഭവിക്കേണ്ടിയും നേരിടേണ്ടിയും വരും.
സമാധനത്തോടെ ജീവിക്കാൻ ഞങ്ങള്‍ക്ക് ചിലതൊക്കെ മനഃപൂർവ്വം ഒഴിവാക്കേണ്ടി വരും. അല്ലാതെ സിനിമാ രംഗങ്ങളേ പോലുള്ള പ്രതികരണങ്ങളൊന്നും സ്ത്രീകളില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കരുത്. ‘സെരിപ്പ് കയട്ടി അടിച്ചിരിക്കണം’ എന്ന രീതിയിലാണ് പ്രതികരിക്കേണ്ടതെന്ന് ആരും കരുതരുത്. അതാണ് ആ സ്ത്രീയോട് കാണിക്കേണ്ട മിനിമം മര്യാദ.







