ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകം; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളില്‍ ഏറ്റവുമധികം ‘സംഭാവന’ ചെയ്യുന്നത് മലയാളികള്‍; പിഞ്ചുമക്കളുടെ നഗ്നചിത്രങ്ങള്‍ കണ്ട് വിറങ്ങലിക്കുന്ന മാതാപിതാക്കള്‍ക്ക് നീതി നിഷേധം; കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കാതെ ‘ഏറ്റവും മികച്ച പൊലീസ് സൈബര്‍ വിങ്ങ്’

ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകം; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളില്‍ ഏറ്റവുമധികം ‘സംഭാവന’ ചെയ്യുന്നത് മലയാളികള്‍; പിഞ്ചുമക്കളുടെ നഗ്നചിത്രങ്ങള്‍ കണ്ട് വിറങ്ങലിക്കുന്ന മാതാപിതാക്കള്‍ക്ക് നീതി നിഷേധം; കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കാതെ ‘ഏറ്റവും മികച്ച പൊലീസ് സൈബര്‍ വിങ്ങ്’

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: മലയാള സിനിമാ- സീരിയല്‍- റിയാലിറ്റി ഷോ രംഗത്തെ ബാലതാരങ്ങളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. സമൂഹ മാധ്യമങ്ങളിലെ ഇത്തരം അക്കൗണ്ടുകളും വെബ്‌സൈറ്റുകളും പീഡോഫീലിയയെ പ്രോത്സാഹിപ്പിക്കുന്നവയാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഇത്തരം വെബ്‌സൈറ്റുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

സിനിമയിലും റിയാലിറ്റി ഷോകളിലും ഉള്‍പ്പെടെ സജീവമായി രംഗത്തുള്ള കുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്. ടെലഗ്രാം കേന്ദ്രീകരിച്ചാണ് ബാലതാരങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പങ്ക് വയ്ക്കപ്പെടുന്നത്. അനുശ്രീ എന്ന ടെലിഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഏറ്റവുമൊടുവില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം ശ്രദ്ധയില്‍പ്പെട്ട അമീറ എന്ന ചിത്രത്തിന്റെ സംവിധായകന്‍ റിയാസ് മുഹമ്മദ് കോട്ടയം എസ് പി ക്ക് പരാതി നല്‍കിയിരുന്നു. പരാതിയിലെ പ്രസക്തഭാഗങ്ങള്‍;
കഴിഞ്ഞ ദിവസം അമീറയിലെ പാട്ട് റിലീസ് ചെയ്തിരുന്നു. അത് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു. അപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൈല്‍ സലീം എന്ന ഫ്രാന്‍സിലുള്ള സുഹൃത്ത് അമീറയിലെ നായികാ കഥാപാത്രമായ കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അനുശ്രീ എന്ന ടെലഗ്രാം അക്കൗണ്ടില്‍ നിന്ന് പ്രചരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്. ആ കുട്ടിയെയും ചിത്രത്തെയും അപമാനിച്ച ആള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

റിയാസ് മുഹമ്മദിന്റെ ഈ പരാതിയല്ല സംഭവത്തിന്മേലുള്ള ആദ്യ പരാതി. 2018ല്‍ ബാലതാരത്തിന്റെ പിതാവ് അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ പരാതി നല്‍കിയിരുന്നു. ഇത് കൂടാതെ തിരുവനന്തപുരത്തുള്ള ബാലതാരത്തിന്റെ കുടുംബവും പ്രതിഷേധിച്ചിരുന്നു. മ്യൂസിക് റിയാലിറ്റി ഷോകളിലെ മത്സരാര്‍ത്ഥികളായ കുഞ്ഞുമക്കളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഒരു ബാലതാരത്തെ മാത്രം കേന്ദ്രീകരിച്ചല്ല സംഘത്തിന്റെ പ്രവര്‍ത്തനം. അത്യാവശ്യം അറിയപ്പെടുന്ന  സെലിബ്രിറ്റികളായ കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും യൂട്യൂബിലും ഉള്‍പ്പെടെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുന്നുണ്ട്.

പോക്‌സോ കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പീഡോഫീലിയ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൈബര്‍ വിങ്ങുള്ള കേരളാ പൊലീസ് അന്വേഷണം ചുവപ്പ് നാടയില്‍ കുരുക്കുന്നത് വേദനാജനകമാണ്. ട്രോളുകളുള്‍പ്പെടെ ആവശ്യത്തിനും അനാവശ്യത്തിനും പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ഉപയോഗപ്പെടുത്തുമ്പോള്‍, ഇത്തരം സംഭവങ്ങള്‍ക്കെതിരെ മൗനം പാലിക്കുകയാണ് ഉത്തരവാദിത്വപ്പെട്ടവര്‍.

കുട്ടികളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും നേരിടുന്ന കടുത്ത മാനസിക സംഘര്‍ഷം ചിന്തിക്കാവുന്നതിനപ്പുറമാണ്. പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതിനാല്‍ പ്രതികരിക്കാന്‍ പോലും പലരും തയ്യാറല്ല. ഓമനിച്ച് വളര്‍ത്തുന്ന പിഞ്ചോമനകളുടെ നഗ്നചിത്രങ്ങള്‍ ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ ഫോണിലും എത്തിയേക്കാം… ശബ്ദമുയര്‍ത്തേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്.