പ്രണയം നടിച്ച് പെൺകുട്ടികളെ മൈസൂരിലേക്കു തട്ടിക്കൊണ്ടുപോയി; ലൈംഗിക ചൂഷണത്തിനിരയാക്കിയ ശേഷം വഴിയിൽ ഉപേക്ഷിച്ചു; പിടികിട്ടാപ്പുള്ളി പതിനാറ് വർഷത്തിന് ശേഷം പിടിയിൽ
സ്വന്തം ലേഖകൻ
കണ്ണൂർ: പ്രണയം നടിച്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈംഗിക ഉപയോഗം നടത്തി വഴിയോരത്ത് ഉപേക്ഷിച്ച കേസിലെ പ്രതി പതിനാറു വർഷത്തിന് ശേഷം പൊലീസ് പിടിയിൽ.
രണ്ടു കുട്ടികളെ പ്രണയം നടിച്ചു മൈസൂരിലേക്കു തട്ടിക്കൊണ്ടുപോവുകയും വിവിധയിടങ്ങളിൽ നിന്നും ലൈംഗിക ചൂഷണത്തിനിരയാക്കി കഴുത്തിലുണ്ടായിരുന്ന മാലയും മറ്റു ആഭരണങ്ങളും കവർന്നതിനു ശേഷം വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. 2005-ലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടികളെ ഉപേക്ഷിച്ച നിലയിൽ പൊലിസ് കണ്ടെത്തിയത്. ഈ കേസിൽ കൂട്ടാളിയോടൊപ്പം അറസ്റ്റിലായ ചെറുവത്തൂർ ശ്രീനാരായണ ക്ഷേത്രത്തിനു സമീപത്തുള്ള എംപി രാകേഷ്(41)പിന്നീട് ജാമ്യത്തിലിറങ്ങിയതിനു ശേഷം മുങ്ങുകയായിരുന്നു.
16വർഷത്തിനു ശേഷമാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ചെറുവത്തൂരിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ പൊലിസ് പിടികൂടിയത്.
പിടിയിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കണ്ണൂർ ടൗൺ ഹൗസ് പൊലിസ് ഓഫിസർ ശ്രീജിത്ത്കോടേരി അറിയിച്ചു. കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടികളാണ് പ്രണയം നടിച്ചുള്ള പീഡനത്തിനിരയായത്.
കേസിലെ രാകേഷിന്റെ കൂട്ടാളി നേരത്തെ അറസ്റ്റിലായിരുന്നു. അന്വേഷണത്തിൽ കണ്ണൂർ ടൗൺ പൊലിസ് എസ്. ഐമാരായ യോഗേഷ്, നാസർ, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.