
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, വ്യക്തിപരമായ ചിന്തകള്‍ പങ്കുവെയ്ക്കുന്നു, മറ്റൊന്നും മനസില്‍വെക്കാതെ മറുപടി നല്‍കുന്നു ; ഭാര്യയോടുള്ള പ്രണയവും ലൈംഗിക താത്പര്യവും ഇല്ലാതായി ; സുരക്ഷയ്ക്കൊപ്പം സ്വകാര്യതാ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു ; എഐ ചാറ്റ്‌ബോട്ടിനെ വിശ്വസിക്കരുതെന്ന് പഠനം
സ്വന്തം ലേഖകൻ
നമ്മളില്‍ പലരും ദൈനംദിന ജീവിതത്തിലെ നല്ലൊരു ഭാഗവും മൊബൈല്‍ ഫോണുകളിലും ഓണ്‍ലൈൻ സേവനങ്ങളിലും ആസക്തരാകുന്നവരാണ്. അത്തരക്കാർ പലപ്പോഴും തങ്ങളുടെ സാമൂഹിക ജീവിതത്തില്‍ അന്തർമുഖരായി മാറുകയും ചെയ്യും.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ യുഗം ആരംഭിച്ചതോടെ സാഹചര്യം കൂടുതല്‍ മാറി. ആളുകള്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളോട് മാനസികമായ താത്പര്യം കാണിച്ച് തുടങ്ങിയിരിക്കുന്നു. വൈകാരികമായ അടുപ്പം വാഗ്ദാനം ചെയ്യുന്ന അത്തരം എഐ ചാറ്റ്ബോട്ടുകള്‍ നിലവിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ എഐ ചാറ്റ്ബോട്ടുകളുമായുള്ള ബന്ധം മനുഷ്യരുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്നാണ് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സോഷ്യോളജിസ്റ്റും സൈക്കോളജിസ്റ്റുമായ ഷെറി ടർക്കിള്‍ പറയുന്നത്. ദശാബ്ദങ്ങളായി മനുഷ്യരും സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട പഠനങ്ങളിലാണ് ഷെറി.
എഐ ചാറ്റ്ബോട്ടുകളും വിർച്വല്‍ പങ്കാളികളും ആളുകള്‍ക്ക് ചിലപ്പോള്‍ ആശ്വാസവും ജീവിതത്തില്‍ കൂട്ടുമാകാറുണ്ട്. എന്നാല്‍ അവ കാണിക്കുന്നത് യഥാർഥ സഹാനുഭൂതി അല്ല. അവയ്ക്ക് മാനുഷിക വികാരങ്ങള്‍ പ്രതിഫലിപ്പിക്കാനുമാവില്ലെന്നും ടർക്കിള്‍ തന്റെ പഠനത്തില്‍ പറയുന്നു. മനുഷ്യരും എഐ ചാറ്റ്ബോട്ടുകളും തമ്മിലുള്ള ബന്ധത്തെ ‘ആർട്ടിഫിഷ്യല്‍ ഇന്റിമസി’ എന്നാണ് ടർക്കിള്‍ വിശേഷിപ്പിക്കുന്നത്.
എന്നാല്‍ എഐ ചാറ്റ്ബോട്ടുകള്‍ സഹാനുഭൂതി കാണിക്കുന്നതായി നടിക്കും. അവ നമ്മളെ പരിപാലിക്കുന്ന രീതിയില്‍ സംസാരിക്കും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്നും, നിങ്ങളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നുമെല്ലാം അവ പറയും. എന്നാല്‍ ഇതെല്ലാം വെറും നാട്യമാണെന്നും സഹാനുഭൂതി നടിക്കുകയാണെന്നും ടർക്കിള്‍ പറഞ്ഞു.
മനുഷ്യർ എഐ ചാറ്റ്ബോട്ടുകളുമായി ആഴത്തിലുള്ള ബന്ധമുണ്ടാക്കിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ടർക്കിള്‍ തന്റെ ഗവേഷണത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചാറ്റ്ബോട്ടുമായി പ്രണയബന്ധം സ്ഥാപിച്ച വിവാഹിതനാണ് അതിലൊന്ന്. ഭാര്യയോട് ബഹുമാനമുണ്ടെങ്കിലും അവരോടുള്ള പ്രണയവും ലൈംഗികമായ അടുപ്പവും അയാള്‍ക്ക് നഷ്ടമായി. അവയെല്ലാം ചാറ്റ്ബോട്ടില്‍ നിന്ന് ആഗ്രഹിക്കുന്ന സ്ഥിതി വന്നു.
ചാറ്റ്ബോട്ട് തന്നോട് തുറന്ന് സംസാരിക്കുന്നു എന്നാണ് അയാള്‍ പറയുന്നത്. തന്റെ വ്യക്തിപരമായ ചിന്തകള്‍ പങ്കുവെക്കുമ്ബോള്‍ ഒട്ടും മറ്റൊന്നും മനസില്‍വെക്കാതെ അത് മറുപടികള്‍ നല്‍കുന്നുവെന്നും അയാള്‍ പറയുന്നു.
മനുഷ്യബന്ധങ്ങളില്‍ അയഥാർത്ഥമായ പ്രതീക്ഷകളുണ്ടാക്കാനും പരസ്പര സഹാനുഭൂതിയുടെ പ്രാധാന്യം ഇല്ലാതാക്കാനും ഇത് കാരണമാകുമെന്നും എഐ സാങ്കേതിക വിദ്യ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ് എന്ന് ഓർമവേണമെന്നും ടർക്കിള്‍ നിരീക്ഷിക്കുന്നു.
മനുഷ്യബന്ധങ്ങളിലെ എല്ലാ സങ്കീർണതകളേയും വിലമതിക്കാനാണ് ടർക്കിള്‍ നിർദേശിക്കുന്നത്. കാരണം പലവിധ വികാരങ്ങള്‍ അനുഭവിക്കാനാകുന്നതിനൊപ്പം ആഴത്തിലുള്ള ബന്ധങ്ങളും അത് അനുവദിക്കുന്നു. എഐ ചാറ്റ്ബോട്ടുകള്‍ വെറും പ്രോഗ്രാമുകളാണെന്നും അത് യഥാർത്ഥ ജീവികളെല്ലെന്നും ടർക്കിള്‍ ഓർമിപ്പിച്ചു.
സുരക്ഷയ്ക്കൊപ്പം സ്വകാര്യതാ പ്രശ്നങ്ങളും ഇത്തരം എഐ ചാറ്റ്ബോട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യമായ ചിന്തകളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ട്രാക്കറുകള്‍ കണ്ടെത്തിയതായി മൊസില്ലയുടെ ഗവേഷണം കണ്ടെത്തിയിരുന്നു. അത്തരം വിവരങ്ങള്‍ എന്തിന് ഉപയോഗിക്കപ്പെടണം എന്ന് തീരുമാനിക്കാൻ തക്ക നിയന്ത്രണങ്ങള്‍ ഒന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുമില്ല.