മൂന്ന് പവന്റെ സ്വർണ്ണമാല വിൽക്കാൻ യുവാവ് ജ്വല്ലറിയിലെത്തി ; മാല പരിശോധിച്ച ജ്വല്ലറി ഉടമയ്ക്ക് പന്തികേട് തോന്നിയതോടെ എസ്.ഐ സുജിത്തിനെ വിളിച്ചറിയിച്ചു ; ജ്വല്ലറി ഉടമയുടെ ഫോണ്‍കോളില്‍ തെളിഞ്ഞത് മാലപൊട്ടിക്കല്‍ കേസ്
ഫറോക്ക് : കോഴിക്കോട് ഫറോക്ക് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. എസ്.പി. സുജിത്തിന് ലഭിച്ച ജൂവലറി ഉടമയുടെ ഫോണ്‍കോളില്‍ തെളിഞ്ഞത് ഒരു മാലപൊട്ടിക്കല്‍ കേസ്.
ഫോണ്‍ വന്നതിനുപിന്നാലെ എസ്.ഐ. അന്വേഷിച്ചിറങ്ങിയതുകൊണ്ട് പ്രതിയെ കൈയോടെ പിടികൂടാൻ സാധിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തന്റെ സുഹൃത്തും ഫറോക്കിലെ തങ്കം ജൂവലറി ഉടമയുമായ ഗോപി, സുജിത്തിനെ വിളിക്കുന്നത്.
‘ഏകദേശം മൂന്നുപവനോളം തൂക്കം വരുന്ന സ്വർണമാല വില്‍ക്കാൻ ഒരാള്‍ വന്നിരുന്നു. മാല പരിശോധിച്ചപ്പോള്‍ മാലയില്‍ വലിച്ചില്‍ സംഭവിച്ചിട്ടുണ്ട്. കൊളുത്ത് വളഞ്ഞ മട്ടുമുണ്ട്. മാല ഞങ്ങള്‍ വാങ്ങിയിട്ടില്ല. അയാള്‍ ഇപ്പോള്‍ കടയില്‍നിന്ന് പോയിട്ടുണ്ട്. എന്തോ പിശകുള്ളതുപോലെയുണ്ട് ‘ -ഇതായിരുന്നു ഫോണ്‍കോളിന്റെ ചുരുക്കം. അയാള്‍ പോവുന്ന സ്ഥലം നോക്കിവെക്കാൻ സുജിത്ത്, ഗോപിയോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫറോക്ക് റെയില്‍വേ സ്റ്റേഷൻ റോഡില്‍ ചെരിപ്പ് നന്നാക്കുന്ന ഇടത്ത് ഇയാളുണ്ടെന്ന് മനസ്സിലാക്കി സുജിത്ത് അവിടെയെത്തി. അപ്പോള്‍ അവിടെ അഞ്ചുപേരുണ്ടായിരുന്നു. അവിടെയിരുന്ന് സ്വർണം വില്‍ക്കാൻ എവിടെയെങ്കിലും പോയിരുന്നോ എന്ന് ചെരിപ്പുനന്നാക്കുന്ന ആളോട് എസ്.ഐ. ചോദിച്ചു. അപ്പോള്‍ അയാള്‍ പരുങ്ങലിലായി. കൂടുതല്‍ ചോദിച്ചപ്പോള്‍ തൊട്ടപ്പുറത്ത് നടപ്പാതയ്ക്ക് സമീപം ഇരിക്കുന്നയാളെ ചൂണ്ടിക്കാണിച്ചു കൊടുത്തു. ഒടുവില്‍ അപ്പുറത്ത് ഷൂ ധരിച്ചിരിക്കുന്ന ആളാണ് സ്വർണം തന്നുവിട്ടതെന്നും അങ്ങനെയാണ് ജൂവലറിയില്‍ പോയതെന്നുമെല്ലാം സംശയിച്ചു. അയാളെ ചോദ്യംചെയ്തപ്പോള്‍ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
പിന്നീട് പരസ്പരവിരുദ്ധമായ മറുപടിയും പറഞ്ഞുകൊണ്ടിരുന്നു. ആദ്യം തന്റെ സഹോദരിയുടെ സ്വർണം വില്‍ക്കാൻ വന്നതാണെന്ന് പറഞ്ഞു. പിന്നീട് തന്റെ ഭാര്യയുടേതാണെന്നും പറഞ്ഞു. ഇതോടെ കാര്യം പിടികിട്ടി. ഫറോക്ക് പോലീസെത്തി അയാളെ ഫറോക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നുള്ള ചോദ്യംചെയ്യലില്‍ വെള്ളിമാടുകുന്ന് സ്വദേശിയായ പുളിയങ്കോടുകുന്ന് വീട്ടില്‍ ഷാനൂബ് കുമാർ (42) സത്യം തുറന്നുപറഞ്ഞു.
28-ന് മാവൂരിലെ വീട്ടമ്മയുടെ മാല പൊട്ടിച്ചതാണെന്നും അതുവില്‍ക്കുന്നതിനാണ് ഫറോക്കില്‍ എത്തിയതെന്നും പറഞ്ഞു. ഷാനൂബ് കുമാറിന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വർണം പോലീസ് കണ്ടെടുക്കുകയും ഉടൻ മാവൂർ പോലീസിന് കൈമാറുകയുംചെയ്തു.
രാമനാട്ടുകരയിലെ ജൂവലറി കുത്തിത്തുറന്ന് നടത്തിയ മോഷണത്തിലും സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ.യായിരുന്ന സുജിത്തിന്റെ നീക്കം പ്രതിയെ പിടികൂടാൻ ഏറെ സഹായകമായിരുന്നു.