
മലപ്പുറത്തു നിന്നുള്ള അധ്യാപകസംഘം സഞ്ചരിച്ച വാഹനം തമിഴ്നാട് വാൽപ്പാറയിൽ വച്ച് അപകടത്തിൽപ്പെട്ടതിന് പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് 10 വയസുകാരി മസ്നീൻ. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ നാല് ദിവസം ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടി ഈ വിവരം ഇതുവരെ അറിഞ്ഞിട്ടില്ല.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 10 പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി ഇന്ന് പുലർച്ചെയാണ് മരിച്ചത്.








