
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജി നിയമനത്തിനായുള്ള സുപ്രീംകോടതി കൊളീജിയത്തിൻറെ ശിപാർശ കേന്ദ്രം അംഗീകരിച്ചു. കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് സി.ടി. രവികുമാറും മൂന്നു വനിതാ ജഡ്ജിമാരും ഉൾപ്പെടെ ഒൻപതു പേരുടെ പേരുകളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാർശ ചെയ്തത്.
ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റീസാകാൻ സാധ്യതയുള്ള ജസ്റ്റീസ് ബി.വി. നാഗരത്നയും പട്ടികയിലുണ്ട്. നിലവിൽ കർണാടക ഹൈക്കോടതിയിൽ പ്രവർത്തിക്കുകയാണ് ജസ്റ്റീസ് ബി.വി.നാഗരത്ന. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വനിത ചീഫ് ജസ്റ്റീസാകാനുള്ള വഴിയൊരുങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2027ൽ ആയിരിക്കും ഇവർ ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുക. 1989 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്ന. ജസ്റ്റീസ് ബി.വി. നാഗരത്നയ്ക്കു പുറമേ തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി എന്നിവരാണു കൊളീജിയം ശിപാർശ ചെയ്ത മൂന്നു വനിതാ ജഡ്ജിമാർ.
ജസ്റ്റീസ് സി.ടി. രവികുമാർ (കേരളം), ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓഖ (കർണാടക ചീഫ് ജസ്റ്റീസ്), ജസ്റ്റീസ് വിക്രം നാഥ് (ഗുജറാത്ത് ചീഫ് ജസ്റ്റീസ്), ജസ്റ്റീസ് ജതേന്ദ്ര കുമാർ മഹേശ്വരി(സിക്കിം ചീഫ് ജസ്റ്റീസ്), ജസ്റ്റീസ് എം.എം. സുന്ദരേഷ് (മദ്രാസ്), പി.എസ്. നരസിംഹ (മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ) എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശിപാർശ ചെയ്തിരുന്നത്.
22 മാസത്തിനു ശേഷമാണ് കൊളീജിയം പുതിയ ജഡ്ജിമാരെ സുപ്രീംകോടതിയിലേക്കു ശിപാർശ ചെയ്തത്. കൊളീജിയത്തിന്റെ ശുപാർശ രാഷ്ട്രപതി കൂടി അംഗീകരിച്ചാൽ ഈ ഒൻപതു പേരും സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.







