കുറഞ്ഞ ചെലവിൽ സുരക്ഷിത ഇന്ധനം; ‘പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പദ്ധതി’ കോട്ടയം ജില്ലയിലും
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിലും സിറ്റി ഗ്യാസ് എത്തിക്കാൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് തീരുമാനിച്ചു. രാജ്യത്തെ 200 നഗരങ്ങളിൽക്കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും സിറ്റി ഗ്യാസ് എത്തുക.
കോട്ടയത്തെ കൂടാതെ പത്തനംതിട്ട, ഇടുക്കി ജില്ലകളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. നേരത്തേ 11 ജില്ലകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ കേരളം മുഴുവൻ സിറ്റി ഗ്യാസ് ഇനി ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൈപ്പിലൂടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധനം ലഭിക്കുന്നു എന്നതാണ് സിറ്റി ഗ്യാസ് (പി.എൻ.ജി. അഥവാ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) പദ്ധതിയുടെ മേന്മ. രാജ്യത്ത് 470 ജില്ലകളിൽ നിലവിൽ ഇത് നടപ്പാക്കിയിട്ടുണ്ട്.
ഓരോ സംസ്ഥാനത്തും ഒരു ഭൗമപരിധി നിശ്ചയിച്ചാണ് സിറ്റി ഗ്യാസ് അനുവദിക്കുന്നത്. ഒരു ഭൗമപരിധി എന്നത് മൂന്ന് ജില്ലവരെ ഉൾക്കൊള്ളുന്നതാണ്. രാജ്യത്ത് മൊത്തം 228 ഭൗമപരിധിയിലാണ് നിലവിൽ ഇത് അനുവദിച്ചിരുന്നത്. രാജ്യത്തെ 53 ശതമാനം ജനങ്ങളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കാനാണ് ലക്ഷ്യമിട്ടത്.
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) വാഹനങ്ങൾക്ക് നൽകാനുള്ള പമ്പുകളും പ്രവർത്തിപ്പിക്കാം. ടെൻഡർ നടപടികളിലൂടെയാണ് പുതിയ ജില്ലകളിലെ വിതരണച്ചുമതല ഏൽപ്പിക്കുന്നത്.