
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആന്റണി രാജു തൊണ്ടിമുതൽ മാറ്റി ലഹരിക്കടത്ത് പ്രതിയെ രക്ഷിച്ച കേസിൽ നിർണായകമായത് ഇൻ്റർപോളിൻ്റെ കത്ത്. കേസിൽ നിന്നും ഊരി ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോയ ആൻഡ്രൂ സാൽവദോർ സാർവലി അവിടെയെത്തി മറ്റൊരു കൊലക്കേസിൽ പെട്ടതോടെയാണ് ഇവിടെ നടത്തിയ തട്ടിപ്പിൻ്റെ കഥ പുറത്തായത്.
ഓസ്ട്രേലിയൻ പൊലീസ് ഇൻ്റർപോൾ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടുന്നത്. ഇത് സംബന്ധിച്ച നിർണായക രേഖകകളും മാധ്യമ പ്രവർത്തകനായ അനിൽ ഇമ്മാനുവൽ പുറത്തുവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group


കേസിലെ സുപ്രധാന തെളിവായ ഈ രേഖ 26 വർഷത്തിനിടെ ഇതാദ്യമായാണ് കോടതിക്ക് പുറത്തേക്ക് കിട്ടുന്നതെന്ന് അനിൽ ഇമ്മാനുവൽ ചൂണ്ടിക്കാട്ടുന്നു. അഡ്വക്കറ്റ് ആൻ്റണി രാജുവിൻ്റെ കാര്യക്ഷമത കൊണ്ട് കേസിൽ നിന്നൂരിയ ആൻഡ്രൂ തൊട്ടടുത്തു തന്നെ നാടുവിട്ടു.
അതായത് ലഹരിയുമായി പിടിയിലായി ഒറ്റ വർഷത്തിനുള്ളിൽ വിചാരണയും അപ്പീൽ വാദവും പൂർത്തിയാക്കി 91 മാർച്ച് ആദ്യം ഓസ്ട്രേലിയയിലെത്തി. 95 അവസാനം അവിടെയൊരു കൊലക്കേസിൽ അറസ്റ്റിലാകുന്നു.

തുടർന്ന് മെൽബൺ റിമാൻഡ് സെൻ്ററിൽ ആൻഡ്രൂവിൻ്റെ കൂട്ടുപ്രതിയായിരുന്ന വെസ്ലി ജോൺ പോൾ ആണ് നിർണായകമായ ആ വെളിപ്പെടുത്തൽ നടത്തുന്നതെന്നും അനിൽ ഇമ്മാനുവൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
“അറസ്റ്റുവിവരം അറിഞ്ഞ് സർവലിയുടെ ബന്ധുക്കൾ ഇന്ത്യയിലേക്ക് തിരിക്കുന്നു. കൈക്കൂലി നൽകി കോടതി ജീവനക്കാരനെ വശത്താക്കുന്നു…. പ്രതി ഉപയോഗിച്ച വാക്ക്, ക്ലാർക്ക് ഓഫ് കോർട്സ്, എന്നാണെന്ന് കത്തിൽ എടുത്ത് പറയുന്നു.
തുടർന്ന് ഈ ജീവനക്കാരനെ ഉപയോഗിച്ച്, സർവലിയുടേതായി കോടതിയിലിരുന്ന അണ്ടർവെയർ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വയ്ക്കുന്നു. പിന്നീട് നടന്ന കോടതി വാദത്തിനിടെ തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ പാകത്തിലുളളതല്ല എന്ന വാദം ഉയർത്തുന്നു. ഇത് കോടതി പരിശോധിക്കുന്നു, സർവലി കുറ്റവിമുക്തനാകുന്നു.”
ഓസ്ട്രേലിയൻ പൊലീസ് ഹോമിസൈഡ് സ്ക്വാഡിലെ ഡിറ്റക്ടീവ് സീനിയർ കോൺസ്റ്റബിൾമാരായ ഗ്രീൻ, വൂൾഫ് എന്നിവർ 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നും ഇൻ്റർപോൾ കത്തിൽ വിശദീകരിക്കുന്നുണ്ട്. ഇൻ്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴിയാണ് കത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്.
ആൻ്റണി രാജുവിൻ്റെ പേര് കത്തിൽ പറയുന്നില്ല. എന്നാൽ ക്ലർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി റജിസ്റ്ററിലെ ആൻ്റണി രാജുവിൻ്റെ ഒപ്പും ചേർത്തുവച്ചപ്പോൾ രാജുവിനെയും ക്ലാർക്ക് ജോസിനെയും പ്രതിചേർക്കാൻ 2006ൽ അസി. കമ്മിഷണർ വക്കം പ്രഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതൽ പാടുപെടേണ്ടി വന്നില്ല.
അതേസമയം 1996 ജനുവരിയിൽ ഇത്ര വ്യക്തതയോടെ ഈ കത്ത് കിട്ടിയിട്ടും കണ്ണുകെട്ടിയ മട്ടിലായിരുന്നു അന്നത്തെ പൊലീസ് അന്വേഷണം. പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും കാലമേറെ ചെന്നതിനാൽ കൂടുതൽ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞാണ് 2002ൽ എം.എം. തമ്പി കോടതിക്ക് റിപ്പോർട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. 1996ൽ ആദ്യവട്ടം എംഎൽഎയായ ആൻ്റണി രാജുവിൻ്റെ ടേം അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ശ്രമം.







