വീട്ടിലെ രഹസ്യം പരസ്യമായി; വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി, തിരുവനന്തപുരത്ത് 23കാരൻ അറസ്റ്റിൽ
തിരുവനന്തപുരം : നെടുമങ്ങാട് പനവൂരില്‍ നിന്നും കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റില്‍. പനവൂർ കരിക്കുഴിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹീനെ (23) ആണ് കഞ്ചാവ് ചെടികളുമായി പിടികൂടിയത്.
പോളിത്തീൻ കവറില്‍ നാട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെത്തി.
രണ്ട് മാസമായി ഷെഹീൻ ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയല്‍വാസികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. രണ്ട് അടി ഉയരത്തില്‍ വളർന്ന ചെടിയാണ് പിടികൂടിയത്. കുറച്ച് നാള് മുമ്ബ് ബൈക്കില്‍ കഞ്ചാവുമായി പോകുന്നതിനിടെ ഷെഹീനെ പൊലീസ് പിടികൂടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രികാലങ്ങളില്‍ നിരവധി യുവാക്കള്‍ ഈ വീട്ടില്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാർ വിവരം തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡാൻസാഫ് ടീമിനെ കൊണ്ട് രഹസ്യമായി അന്വേഷണം നടത്തിയപ്പോള്‍ ഈ വീട്ടില്‍ ചെറുപ്പക്കാർ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി മനസ്സിലാക്കി. തുടർന്നാണ് നെടുമങ്ങാട് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് ഈ വീട്ടില്‍ പരിശോധന നടത്തിയത്.
തുടർന്ന് എക്സൈസ് സംഘമെത്തി കഞ്ചാവ് ചെടി ആണെന്ന് ഉറപ്പു വരുത്തിയ ശേഷം പൊലീസ് നടപടി പൂർത്തിയാക്കി ഷെഹീനെയും അറസ്റ്റ് ചെയ്തു. ചെടികള്‍ പിടിച്ചെടുത്തു.