നക്ഷത്ര ജലോത്സവുമായി വാഴൂർ ഗ്രാമപഞ്ചായത്ത്

നക്ഷത്ര ജലോത്സവുമായി വാഴൂർ ഗ്രാമപഞ്ചായത്ത്

കോട്ടയം: വാഴൂരിൽ ജലോത്സവത്തിനു കളമൊരുങ്ങുന്നു. ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക വിപണികളും കൈകോർത്ത് നക്ഷത്ര ജലോത്സവം എന്ന പേരിൽ ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ചാണ് ജലോത്സവം നടത്തുന്നത്. ഗ്രാമീണ ടൂറിസം പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വഞ്ചിയാത്രയും കേക്ക് – ഭക്ഷ്യമേളയും കരോൾ ഗാനമത്സരവും സംഘടിപ്പിക്കും. ഡിസംബർ 24 മുതൽ 26 വരെ വാഴൂർ ഗ്രാമപഞ്ചായത്തിലെ വാഴൂർ വലിയ തോട്ടിൽ പൊത്തൻ പ്ലാക്കൽ, മൂലയിൽ ചെക്ക് ഡാമുകൾ കേന്ദ്രീകരിച്ചാണ് വഞ്ചിയാത്രയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. പൊത്തൻപ്ലാക്കൽ ചെക്ക് ഡാമിൽ നിന്നും വഞ്ചിയാത്രയ്ക്കു പുറമെ ചെറിയ ട്രക്കിങ്ങും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഭക്ഷണശാലകളും കേക്ക് സ്റ്റാളുകളും സജ്ജീകരിക്കും. തിരുവാർപ്പ് മലരിക്കൽ ടൂറിസം ഫെസ്റ്റിവെലിന് സമയത്ത് ഉപയോഗിച്ചിരുന്ന ചെറിയ വഞ്ചികളാണ് യാത്രയ്ക്കായി വാഴൂരിലെത്തിക്കുന്നത്. 26ന് വൈകിട്ട് ആറിന് കരോൾ ഗാന മത്സരവുമുണ്ട്. 24 മുതൽ 26 വരെ രാവിലെ ഏഴു മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറു വരെയുമാണ് ബോട്ടിങ്ങും ട്രക്കിങ്ങും സജ്ജീകരിച്ചിരിക്കുന്നത്. രാത്രി എട്ടു വരെ ഭക്ഷണശാലകളും കേക്ക് സ്റ്റാളും പ്രവർത്തിക്കും. 23 ന് വൈകിട്ട് അഞ്ചിന് വള്ളം നീറ്റിലിറക്കി ജലോത്സവത്തിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും.