Spread the love

ചരിത്രത്തില്‍ ആദ്യമായാണ് ബംഗാളിൽ ബിജെപി അധികാരം പിടിച്ചെടുക്കുന്നത്. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കാനാണ് നേതാക്കളുടെ തീരുമാനം. ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പല പേരുകളാണ് സാധ്യതാ ലിസ്റ്റില്‍. വനിതാ മുഖ്യമന്ത്രിയെ ബിജെപി പരിഗണിച്ചേക്കുമെന്നാണ് സൂചന. തനി ബംഗാളിയാവും മുഖ്യമന്ത്രിയെന്ന് അമിത് ഷാ പ്രചാരണകാലം പലവട്ടം പറഞ്ഞിരുന്നു. മുഖ്യമന്ത്രി മാംസാഹാരിയാവുമെന്ന് കേന്ദ്ര മന്ത്രി സുകന്ദ മജുംന്ദാറും പറഞ്ഞിരുന്നു. ബിജെപി പുറത്ത് നിന്നുള്ള പാര്‍ട്ടിയാണെന്നും മാംസവും മത്സ്യവുമെല്ലാം നിരോധിക്കുമെന്ന തൃണമൂല്‍ പ്രചാരണത്തെ തടയാനായിരുന്നു അത്. എല്ലാം ഒത്തിണങ്ങിയ ഒന്നിലേറെ പേരുകളാണ് ബിജെപി ഇപ്പോള്‍ പരിഗണിക്കുന്നത്.

video
play-sharp-fill

മമതയെ ഭവാനിപ്പൂരില്‍ തോല്‍പിച്ച സുവേന്ദു അധികാരി പാര്‍ട്ടിയിലെ കരുത്തനാണ്. 2021ല്‍ നന്ദിഗ്രാമിലും മമതയെ തോല്‍പിച്ചു. പക്ഷെ നാരദാ ഒളിക്യാമറാ ഓപ്പറേഷനിലൂടെ സുവേന്ദു കൈക്കൂലി വാങ്ങുന്നത് ലോകം കണ്ടതാണ്. പാര്‍ട്ടി അധ്യക്ഷനെന് നിലയ്ക്ക് സാമിക് ഭട്ടാചാര്യയും പരിഗണിക്കപ്പെടും. വനിതാ സംവരണ ബില്‍ അടക്കം ചര്‍ച്ചയാവുന്ന കാലത്ത് വനിതാ മുഖ്യമന്ത്രിയെ തീരുമാനിച്ചാല്‍ അതിന് സാധ്യതയുള്ള ഒരാള്‍ രൂപാ ഗാംഗുലിയാണ്. ബിആര്‍ ചോപ്രയുടെ മഹാഭാരതത്തില്‍ ദൗപദിയുടെ വേഷം ചെയ്ത് പ്രശസ്തയാണ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും, മഹിളാ മോര്‍ച്ച മുന്‍ അധ്യക്ഷയുമായ അഗ്നിമിത്ര പോള്‍ ആണ് മറ്റൊരു പേര്.