
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കില്ലെന്ന് സൂചന. തോല്‍വിയുടെ ഉത്തരവാദിത്തവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മാറി നില്‍ക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേന്ദ്ര കമ്മിറ്റി അംഗം കെഎന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ച് ധാരണയുണ്ടാകും. പിഎ മുഹമ്മദ് റിയാസും സജി ചെറിയാനുമാണ് സെക്രട്ടേറിയറ്റില്‍ നിന്ന് വിജയിച്ച മറ്റ് അംഗങ്ങള്‍. സിപിഐ നേതാവ് കെ രാജന്‍ പ്രതിപക്ഷ ഉപനേതാവാകാനാണ് സാധ്യത. നാളെ ചേരുന്ന സിപിഐ നേതൃയോഗത്തില്‍ പ്രതിപക്ഷ തീരുമാനം എടുക്കും.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ഇത്തവണ ലഭിച്ചു. എല്‍ഡിഎഫിന്റെ 13 മന്ത്രിമാണ് ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. പി രാജീവ്, എംബി രാജേഷ്, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, ഒആര്‍ കേളു, കെബി ഗണേഷ്‌കുമാര്‍, ജെ ചിഞ്ചുറാണി, എകെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് പരാജയപ്പെട്ടത്.
പിണറായി വിജയന്‍, കെഎന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ രാജന്‍, ജിആര്‍ അനില്‍, പി പ്രസാദ് എന്നിവര്‍ മാത്രമാണ് മന്ത്രിമാരില്‍ വിജയിച്ചത്. വോട്ടെണ്ണൽ തുടങ്ങി ആദ്യ അഞ്ച് റൗണ്ടുകളില്‍ ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നിലായത് കനത്ത തിരിച്ചടിയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







