play-sharp-fill
കേരളത്തിലെ ഏക സമ്പൂർണ്ണ എയർകണ്ടീഷൻ ചെയ്ത ഹൈടെക് വിദ്യാലയം; കോട്ടയം ഈസ്റ്റ് സബ് ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ സ്‌കൂൾ; വിശേഷണങ്ങൾ ഏറെയുള്ള എറികാട് സർക്കാർ യു.പി. സ്‌കൂൾ ഇത്തവണ വിദ്യാർത്ഥികളെ വരവേൽക്കുന്നത് ജന്മദിന കലണ്ടർ ഒരുക്കി

കേരളത്തിലെ ഏക സമ്പൂർണ്ണ എയർകണ്ടീഷൻ ചെയ്ത ഹൈടെക് വിദ്യാലയം; കോട്ടയം ഈസ്റ്റ് സബ് ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ സ്‌കൂൾ; വിശേഷണങ്ങൾ ഏറെയുള്ള എറികാട് സർക്കാർ യു.പി. സ്‌കൂൾ ഇത്തവണ വിദ്യാർത്ഥികളെ വരവേൽക്കുന്നത് ജന്മദിന കലണ്ടർ ഒരുക്കി

സ്വന്തം ലേഖിക

കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കുശേഷം സ്‌കൂളിലെത്തുന്ന കുരുന്നുകൾക്ക് വ്യത്യസ്തമായ ഒരു വരവേൽപു നൽകാനൊരുങ്ങുകയാണ് എറികാട് സർക്കാർ യു.പി. സ്‌കൂളിലെ അധ്യാപകർ. സ്‌കൂളിലെ എല്ലാ കുട്ടിയുടെയും ഫോട്ടോ ഉൾപ്പെടുത്തിയ ജന്മദിന കലണ്ടർ ഒരുക്കിയാണ് അധ്യാപകൻ വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങുന്നത്.

കലണ്ടറിൽ തീയതികൾ രേഖപ്പെടുത്തുന്ന കോളത്തിൽ അന്നേ ദിവസം ജന്മദിനം ആഘോഷിക്കുന്ന കുട്ടികളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും പഠിക്കുന്ന ക്ലാസും കൂടി ചേർത്ത് മനോഹരമായാണ് കലണ്ടർ രൂപകൽപന ചെയ്ത് അച്ചടിച്ചിട്ടുള്ളത്. 2021 സെപ്തംബർ മുതൽ 2022 ഓഗസ്റ്റ് വരെയാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു മാസം കൊണ്ടാണ് വിദ്യാർഥികളുടെ ഫോട്ടോ ശേഖരിച്ച്‌ കലണ്ടർ പൂർത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലണ്ടർ എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിക്കും. വിദ്യാർഥികളുടെ ചിത്രങ്ങൾ കൂടാതെ ജില്ലയിലെ വിദ്യാഭ്യാസവകുപ്പ്് മേധാവികൾ, സ്‌കൂൾ സാരഥികൾ എന്നിവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. നിലവിൽ ഓൺലൈൻ ക്ലാസുകൾ ആയതിനാൽ ജന്മദിനത്തിൽ എല്ലാ അധ്യാപകരും കുട്ടികളെ വിളിച്ച്‌ ഫോണിലൂടെ ആശംസകൾ അറിയിക്കുകയാണ് പതിവ്. സ്‌കൂൾ തുറന്നാൽ കുട്ടികളെ നേരിട്ട് ആശംസകൾ അറിയിക്കാനും പിറന്നാൾ മരങ്ങൾ നടാനുമുള്ള പദ്ധതിയാണുള്ളതെന്ന് സ്റ്റാഫ് സെക്രട്ടറി സി.പി. രാരിച്ചൻ പറഞ്ഞു.

കോട്ടയം ഈസ്റ്റ് സബ് ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ സ്‌കൂളാണിത്. 230 കുട്ടികളാണ് ഇവിടെ പുതുതായി പ്രവേശനം നേടിയത്. കേരളത്തിലെ ഏക സമ്പൂർണ്ണ എയർകണ്ടീഷൻ ചെയ്ത ഹൈടെക് വിദ്യാലയമായ എറികാട് ഗവൺമെന്റ് യു.പി. സ്‌കൂൾ ഹരിത വിദ്യാലയം കൂടിയാണ്. ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളിലാത്ത അഞ്ചു വിദ്യാർഥികൾക്ക് പി.ടി.എയുടെ സഹകരണത്തോടെ ടിവിയും ഡിഷ് കണക്ഷനും നൽകിയിരുന്നു. എ.സി. ക്ലാസ് മുറികളായാതിനാൽ നിരന്തരം ശുചീകരണം നടത്തിയിരുന്നെന്നും ഇടവേളയ്ക്കുശേഷം സ്‌കൂൾ തുറക്കലിന് പൂർണ സജ്ജമാണെന്നും പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന അച്ചാമ്മ തോമസ് പറഞ്ഞു.