കോട്ടയത്തെ ഫേസ്ബുക്ക് മാന്ത്രികന്‍ കേന്ദ്രീകരിച്ചത് സ്ത്രീകളെ; പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി; വാട്സ്‌ആപ്പ് ഗ്രൂപ്പിന് പുറമേ ഫേസ്ബുക്ക് വഴിയും തട്ടിപ്പ്; ആര്‍ക്കും പരാതിയില്ലെന്ന് പൊലീസ്
സ്വന്തം ലേഖിക
കോട്ടയത്തെ: റിട്ടയേഡ് ഹെഡ്മിസ്ട്രസിനെ പറ്റിച്ചു നാല് പവന്‍ മാല കൊണ്ട് മുങ്ങിയ വ്യാജ മാന്ത്രികന്‍ ഇടുക്കി കട്ടപ്പന സ്വദേശി ജോയ്സ് ജോസഫ് നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി പൊലീസ്.
ഇയാളുടെ വാട്സ്‌ആപ്പ് പരിശോധിച്ചപ്പോള്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കഥയാണ് പോലീസിനെ ഞെട്ടിച്ചത്.
സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാളുടെ തട്ടിപ്പ്. സമാനമായ രീതിയില്‍ പലരില്‍ നിന്നും സ്വര്‍ണമാലകളും ആഭരണങ്ങളും ഇയാള്‍ കവര്‍ന്നതായി പോലീസിന് ചോദ്യം ചെയ്യലില്‍ മനസ്സിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജപ്പേരിലാണ് ജോയ്‌സ് സമൂഹമാധ്യമത്തില്‍ അക്കൗണ്ട് എടുത്തിരുന്നത്. ഒട്ടേറെ പേരാണ് ജോയ്‌സിന്റെ സൗഹൃദപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങി പല ജില്ലകളില്‍ നിന്നുള്ള നൂറു കണക്കിനു പേരാണ് പ്രേതാലയം എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍. ദുര്‍മന്ത്രവാദം, പരിഹാരക്രിയകള്‍ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചിരിക്കുന്നത് ഒട്ടേറെ പേരാണ്.
വാട്സ്‌ആപ്പ് ചാറ്റുകളില്‍ പലയിടത്തും ഇയാള്‍ പണം വാങ്ങി എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ട്. എന്നാല്‍ ചാറ്റിലെ തെളിവുകള്‍ കണ്ടു പോലീസ് യുവതികളെ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും പരാതിയില്ല എന്നുപറഞ്ഞാണ് ഇവരെല്ലാം ഒഴിഞ്ഞുമാറിയത്.
പേര് പറയാന്‍ ആഗ്രഹിക്കാത്ത കോട്ടയം സ്വദേശിയായ മുന്‍ ഹെഡ്മിസ്ട്രസില്‍ നിന്നാണ് ഇയാള്‍ നാലു പവന്‍ സ്വര്‍ണം അടിച്ചെടുത്തത്. ഒരു മാസം മുന്‍പാണ് തട്ടിപ്പുകള്‍ക്ക് തുടക്കമായത്. രാത്രിയില്‍ പതിവായി പ്രേത സ്വപ്നം കാണാറുണ്ടായിരുന്ന മുന്‍ ഹെഡ്മിസ്ട്രസ് ഈ വിഷയം ജോയ്സിനോട് പറഞ്ഞതോടെ ബാധ ഒഴിപ്പിക്കാന്‍ ഒരുമാസം മുമ്ബ് ഇയാള്‍ കോട്ടയത്തെത്തി. ബാധ ഒഴിയാത്ത വന്നതോടെ കഴിഞ്ഞ ആഴ്ച വീണ്ടും ഇയാള്‍ ഹെഡ്മിസ്ട്രസിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് പല പൂജകളും മന്ത്രങ്ങളും മഹാ മാന്ത്രികന്‍ എന്ന നിലയില്‍ ഇയാള്‍ ഉരുവിട്ടു. ഒടുവില്‍ മകനും ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഇയാള്‍ മുന്‍ അദ്ധ്യാപികയോട് പറഞ്ഞു. തുടര്‍ന്ന് മകനെ വിളിച്ചുവരുത്തി പൂജയും പരിപാടികളുമായി. ബാധ പെട്ടെന്ന് ഒഴിഞ്ഞു പോകുന്നില്ല എന്ന് ഇയാള്‍ അധ്യാപികയോടും മകനോടും പറഞ്ഞു. എന്തെങ്കിലും സ്വര്‍ണ്ണം കൊണ്ടുവരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് ഗ്രാം സ്വര്‍ണമാണ് ആദ്യം അധ്യാപിക കൊണ്ടുവന്നത്. എന്നാല്‍ രണ്ട് ഗ്രാം കൊണ്ട് ബാധ ഒഴിഞ്ഞു പോകില്ല എന്ന് ഇയാള്‍ പറയുകയായിരുന്നു. തുടര്‍ന്നാണ് കയ്യിലുണ്ടായിരുന്ന നാലു പവന്‍ സ്വര്‍ണ്ണമാല എടുത്ത് അധ്യാപിക ഇയാള്‍ക്ക് കൈമാറിയത്.
മന്ത്രവാദത്തിന് ശേഷം ഇരുവരെയും റൂമില്‍ നിന്ന് പുറത്താക്കി കഥകടച്ചു. രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കതക് തുറന്നു നോക്കാവൂ എന്നും മാന്ത്രികന്‍ ഇരുവരോട് പറഞ്ഞു. മുറിക്കുള്ളിലെ കുടത്തില്‍ സ്വര്‍ണമാല ഉണ്ടെന്നും രണ്ടുദിവസം കഴിഞ്ഞ് മകന്‍ ഇത് ധരിക്കണമെന്നും മാന്ത്രികന്‍ ആവശ്യപ്പെട്ടു. തിരിച്ചു പോയ ശേഷം ഫോണ്‍ വിളിച്ച് 21ദിവസം കഴിഞ്ഞ ശേഷം മാത്രമേ കുടം തുറന്നു മാല എടുക്കാവൂ എന്നു പറഞ്ഞു. ഇതോടെയാണ് അധ്യാപികയ്ക്ക് സംശയം ഉണ്ടായത്. സംശയം തോന്നിയ അധ്യാപിക കോട്ടയം ഡിവൈഎസ്പിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
വാട്സ്‌ആപ്പ് ഗ്രൂപ്പിന് പുറമേ ഫേസ്ബുക്ക് വഴിയും ഇയാള്‍ തട്ടിപ്പ് നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു. സൈക്കോളജിയില്‍ റിസര്‍ച്ച് ഫെലോ ആണെന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെയെല്ലാം പരിചയപ്പെട്ടത്. ഡേവിഡ് ജോണ്‍ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആണ് ഇയാള്‍ ഇരകളെ വലയിലാക്കിയത്. ദുര്‍മന്ത്രവാദം, ആഭിചാരക്രിയ തുടങ്ങിയ വിഷയങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ഇയാള്‍ ഫേസ്ബുക്ക് പേജ് ഉപയോഗിച്ചു. സമാനമായ രീതിയിലുള്ള ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രേതാനുഭവങ്ങള്‍ എന്ന മറ്റൊരു പേജിലൂടെയും ഇയാള്‍ ദുര്‍മന്ത്രവാദ കഥകള്‍ എഴുതി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ ഇവര്‍ മുന്നോട്ടു വന്നിട്ടില്ല. എന്നാല്‍ പരാതി നല്‍കാന്‍ ഇരയായവർ ആരും തയ്യാറാവുന്നില്ല. അതോടെ ജോയ്സിനെതിരെ കൂടുതല്‍ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാകാത്ത സ്ഥിതിയിലായി പോലീസ്. പരാതി ഇല്ലെങ്കിലും ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം തട്ടിപ്പുകള്‍ അന്വേഷിക്കുമെന്ന് ഡിവൈഎസ്‌പി ജെ. സന്തോഷ്‌കുമാര്‍ പറഞ്ഞു.