play-sharp-fill
നിരണത്തെ താറാവ് കര്‍ഷകൻ്റെ മകനില്‍ നിന്നുമുള്ള വളര്‍ച്ച; അമേരിക്കയില്‍ വൈദിക പഠനത്തിന് പോയതോടെ ആത്മീയ രംഗത്തേക്ക്; വിവാദമായ ചെറുവള്ളി എസ്റ്റേറ്റ് അടക്കം സംസ്ഥാനത്ത് ഏഴായിരം ഏക്കറോളം ഭൂമി, മെഡിക്കല്‍ കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ബിലീവേഴ്‌സ് ചര്‍ച്ചിന് കേരളത്തില്‍ മാത്രം ശതകോടികളുടെ ആസ്തി; അന്തരിച്ച കെ.പി യോഹന്നാൻ്റെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്…!

നിരണത്തെ താറാവ് കര്‍ഷകൻ്റെ മകനില്‍ നിന്നുമുള്ള വളര്‍ച്ച; അമേരിക്കയില്‍ വൈദിക പഠനത്തിന് പോയതോടെ ആത്മീയ രംഗത്തേക്ക്; വിവാദമായ ചെറുവള്ളി എസ്റ്റേറ്റ് അടക്കം സംസ്ഥാനത്ത് ഏഴായിരം ഏക്കറോളം ഭൂമി, മെഡിക്കല്‍ കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ബിലീവേഴ്‌സ് ചര്‍ച്ചിന് കേരളത്തില്‍ മാത്രം ശതകോടികളുടെ ആസ്തി; അന്തരിച്ച കെ.പി യോഹന്നാൻ്റെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്…!

കോട്ടയം: അപ്പർ കുട്ടനാട്ടിലെ നിരണം എന്ന ചെറു ഗ്രാമത്തിലെ കർഷക കുടുംബത്തില്‍ നിന്നും അരനൂറ്റാണ്ടു കൊണ്ട് ശതകോടികളുടെ ആസ്തിയുള്ള വിശ്വാസസാമ്രാജ്യം സൃഷിടിച്ച കെ.പി.യോഹന്നാൻ എന്ന 35 ലക്ഷം വിശ്വാസികളുടെ ആത്മീയ ആചാര്യൻ കടന്നു വന്ന വഴികള്‍ ഇന്നും പലരെയും അത്ഭുതപ്പെടുത്തുന്നതാണ്.

അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള മെഡിക്കല്‍ കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കേരളത്തില്‍ മാത്രം ശതകോടികളുടെ ആസ്തിയാണ് ബിലീവേഴ്‌സ് ചര്‍ച്ചിനുള്ളത്. കെ.പി. യോഹന്നാന്റെ കീഴിലുള്ള ഗോസ്പല്‍ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും ആസ്തിയുണ്ട്. ഒരു ഡസനിലേറെ രാജ്യങ്ങളിലായി 35 ലക്ഷം വിശ്വാസികള്‍ ഒപ്പമുണ്ടന്നാണ് സഭയുടെ അവകാശവാദം.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് കെ.പി യോഹന്നാന്‍ ജനിച്ചത്. മാർത്തോമ്മാ വിശ്വാസികളായ കുടുംബം അക്കാലത്ത് പ്രദേശത്ത് വ്യാപകമായ താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു. യൗവനകാലത്ത് ഡബ്ലു.എ ക്രിസ്വെല്‍ എന്ന വിദേശിയ്‌ക്കൊപ്പം അമേരിക്കയില്‍ വൈദിക പഠനത്തിന് പോയതോടെയാണ് യോഹന്നാന്‍ ആത്മീയ രംഗത്തേക്ക് തിരിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാലത്ത് അമേരിക്കയില്‍ വെച്ച്‌ കണ്ടുമുട്ടിയ ജർമൻ സ്വദേശിയായ ഗസാലയെ 1974 ല്‍ വിവാഹം ചെയ്തു.
ഭാര്യയോടൊപ്പം സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച കെ.പി യോഹന്നാന്‍ വര്‍ഷങ്ങള്‍ നീണ്ട വിദേശ വാസത്തിനുശേഷം 1983 ല്‍ തിരുവല്ല മാഞ്ഞാടിയില്‍ ഗോസ്പല്‍ ഏഷ്യയുടെ ആസ്ഥാനം നിര്‍മ്മിച്ച്‌ കേരളത്തിലെ പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

സുവിശേഷ പ്രഘോഷണത്തിനായുളള ആത്മീയ യാത്രയെന്ന റേഡിയോയും അവിടെ നിന്നും ആരംഭിച്ചു. സവിശേഷ ശൈലിയിലൂടെ സുവിശേഷ വേലയിലേർപ്പെട്ട യോഹന്നാന്റെ യാത്ര അമ്പരപ്പിക്കുന്നതായിരുന്നു.

തിരുവല്ല സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1980 ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനമാണ് യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന. കെ.പി.യോഹന്നാന്‍, കെ.പി ചാക്കോ, കെ.പി.മാത്യു എന്ന മൂന്ന് സഹോദരന്മാർ ചേർന്നാണ് സംഘടന രൂപീകരിച്ചത്. ഒരു പൊതു മതപര ധര്‍മ്മസ്ഥാപനമായിട്ടാണ് ഈ ട്രസ്റ്റ് പ്രവര്‍ത്തിച്ചു വന്നത്.

ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ എന്നറിയപ്പെട്ട ഈ സംഘടന 1991ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലേക്ക് പിന്നീട് രൂപാന്തരപ്പെട്ടു. ആത്മീയ യാത്ര പിന്നീട് ബിലീവേഴ്‌സ് ചര്‍ച്ച്‌ എന്ന പേരില്‍ 2003ല്‍ ഒരു എപ്പിസ്ക്കോപ്പല്‍ സഭയായി. നിരവധി രാജ്യങ്ങളില്‍ ശാഖകളുള്ള സഭയുടെ തലവനായ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപോലിത്ത പ്രഥമൻ എന്ന പേരില്‍ യോഹന്നാന്‍ അഭിഷിക്തനായി. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സി.എസ്.ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ. സാമുവലാണ് അഭിഷേകം നടത്തിയത്. പിന്നാലെ അല്‍മായനായ യോഹന്നാന്റെ മെത്രാഭിഷേകം വ്യാജമാണ് എന്ന ആരോപണവും ഉണ്ടായി. തുടര്‍ന്ന് ബിഷപ്പ് സാമുവലിന് മോഡറേറ്റർ സ്ഥാനം രാജിവെക്കേണ്ടി വന്നു.
എന്നാല്‍, ഇത്തരം ആരോപണങ്ങളുടെ ശക്തി ക്ഷയിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.