
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിതവും ദയനീയവുമായ പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങള്‍ കണ്ടെത്താൻ താഴേത്തട്ടിലുള്ള ഘടകങ്ങള്‍ക്കായി സിപിഎം സംസ്ഥാന നേതൃത്വം 34 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി തയ്യാറാക്കി നല്കി.
എന്നാല്‍, പാർട്ടി അണികളെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട്, സംസ്ഥാന നേതൃത്വത്തിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്നുണ്ടായ ഭരണപരമായ വീഴ്ചകളെക്കുറിച്ചോ നയപരമായ പാളിച്ചകളെക്കുറിച്ചോ ഈ ചോദ്യാവലിയില്‍ ഒരൊറ്റ ചോദ്യം പോലും ഉള്‍പ്പെടുത്തിയിട്ടില്ല. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളിലെ പോരായ്മകളും പ്രാദേശിക ഘടകങ്ങളുടെ വീഴ്ചകളും മാത്രം കേന്ദ്രീകരിച്ചാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത് എന്ന ആക്ഷേപം പാർട്ടിക്ക് ഉള്ളില്‍ തന്നെ ഇപ്പോള്‍ പുകയാൻ തുടങ്ങിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യുന്നതിനായി പാർട്ടി ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മിറ്റികള്‍ക്ക് നല്‍കിയിട്ടുള്ള ഈ 34 ഇന ചോദ്യാവലിയില്‍ ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങള്‍ എത്രത്തോളം ഫലപ്രദമായിരുന്നു, വോട്ടർമാരെ നേരില്‍ കാണുന്നതില്‍ എവിടെയാണ് വീഴ്ച വന്നത്, പാർട്ടി വോട്ടുകള്‍ കൃത്യമായി പെട്ടിയിലാക്കാൻ സാധിച്ചോ തുടങ്ങിയ സാങ്കേതിക കാര്യങ്ങള്‍ക്കാണ് മുൻഗണന നല്‍കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണ തന്ത്രങ്ങളെ പ്രതിരോധിക്കാൻ പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞോ എന്നും ചോദ്യാവലി അന്വേഷിക്കുന്നു. എന്നാല്‍, ജനവികാരം പാർട്ടിക്ക് എതിരാകാൻ കാരണമായ മുൻ സർക്കാരിന്റെ നയങ്ങള്‍, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍, ഭരണവിരുദ്ധ വികാരം, അല്ലെങ്കില്‍ സംസ്ഥാന നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ എന്നിവയെക്കുറിച്ച് താഴേത്തട്ടിലുള്ളവർക്ക് അഭിപ്രായം രേഖപ്പെടുത്താൻ ഇതില്‍ ഒരിടവുമില്ല.
നേതൃത്വത്തിന്റെ വീഴ്ചകളെ പൂർണ്ണമായും മറച്ചുവെച്ചുകൊണ്ട് പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവൻ താഴേത്തട്ടിലുള്ള അണികളുടെയും പ്രാദേശിക ഭാരവാഹികളുടെയും തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ തന്നെയുണ്ട്. വരും ദിവസങ്ങളില്‍ കമ്മിറ്റികളില്‍ ഈ ചോദ്യാവലി ചർച്ചയ്ക്കെടുക്കുമ്പോള്‍ വലിയ രീതിയിലുള്ള തിരുത്തലുകളും വിമർശനങ്ങളും താഴെത്തട്ടില്‍ നിന്ന് ഉയർന്നുവരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍.







