
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കരാർ ബിസിസിഐ നീട്ടി നല്‍കിയേക്കുമെന്ന് റിപ്പോർട്ട് .
2026 ജൂണില്‍ അവസാനിക്കുന്ന കാലാവധി 2027 ജൂണ്‍ വരെ ഒരു വർഷത്തേക്ക് കൂടി നീട്ടി നല്‍കാനാണ് ബോർഡിന്റെ നീക്കമെന്ന് ബിസിസിഐയെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. 2027ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് തീരുമാനം.
അജിത് അഗാർക്കറുടെ കീഴില്‍ ഇന്ത്യൻ ക്രിക്കറ്റ് സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൊയ്‌തതെന്നാണ് ബിസിസിഐ അവലോകനം. 2024 ട്വന്റി-20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി, 2026 ട്വന്റി-20 ലോകകപ്പ് എന്നിങ്ങനെ മൂന്ന് ഐസിസി കിരീടങ്ങളാണ് ഈ സമയത്ത് ഇന്ത്യ സ്വന്തമാക്കിയത്. ടീമിലെ മാറ്റങ്ങള്‍ സുഗമമാക്കുന്നതില്‍ അഗാർക്കർ മുന്നോട്ടുവച്ച മികവ് ബിസിസിഐ അധികൃതർ പ്രത്യേകം അഭിനന്ദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഇന്ത്യയെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്ക് ക്യാപ്ടൻ സൂര്യകുമാർ യാദവ് വിജയകരമായി നയിച്ചെങ്കിലും, താരത്തിന്റെ ബാറ്റിംഗ് ഫോം ബിസിസിഐയെ ആശങ്കപ്പെടുത്തുന്നുണ്ട്. 2028-ലെ ലോസാഞ്ചലസ് ഒളിമ്പിക്‌സ് ടീമില്‍ സൂര്യകുമാറിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാൻ വരാനിരിക്കുന്ന ഇംഗ്ലണ്ട്- അയർലൻഡ് പര്യടനങ്ങള്‍ നിർണായകമാകും.
2025ല്‍ ഒരു അർദ്ധ സെഞ്ച്വറി പോലും നേടാനാകാതെ സൂര്യകുമാർ ബാറ്റിംഗില്‍ വല്ലാതെ പ്രതിസന്ധി നേരിട്ടിരുന്നു. 2026ല്‍ ചില മത്സരങ്ങളില്‍ മാത്രം മികച്ച കളി പുറത്തെടുത്തെങ്കിലും നിർണായക മത്സരങ്ങളില്‍ താരം കളിക്കാത്തത് പൂർണമായും പരാജയപ്പെട്ടത് തിരിച്ചടിയായി. ലോകകപ്പിലെ പ്രകടനം എടുത്ത് നോക്കിയാല്‍ തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (18), വെസ്റ്റ് ഇൻഡീസ് (18), ഇംഗ്ലണ്ട് (11), ഫൈനലില്‍ ന്യൂസിലൻഡിനെതിരെ ആദ്യ പന്തില്‍ പുറത്തായതുമായിരുന്നു സൂര്യയുടെ പ്രകടനം.
2028 ഒളിമ്പിക്സ് വേളയില്‍ സൂര്യകുമാറിന് വയസ് 38 ആകും. യുവതാരങ്ങളായ വൈഭവ് സൂര്യവൻശി അടക്കമുള്ളവരുടെ കടന്നുവരവ് താരത്തിന് മേല്‍ സമ്മർദ്ദം വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ട്. നിലവില്‍ സൂര്യ ടീമിനെ നയിക്കുന്നുണ്ടെങ്കിലും ഒരു ബാറ്റർ എന്ന നിലയില്‍ അദ്ദേഹം സ്ഥിരത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമുള്ള ചർച്ചകള്‍ പൂർണമായും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഇപ്പോഴും സൂര്യകുമാറില്‍ വിശ്വാസം അർപ്പിക്കുന്നുണ്ടെങ്കിലും, സെലക്ഷൻ കമ്മിറ്റിയുടെ നിലപാട് നിർണായകമാകും. 2028ലെ ട്വന്റി- 20 ലോകകപ്പ് വരെ ഗംഭീറിനും കരാർ നീട്ടി നല്‍കാൻ സാദ്ധ്യതയുണ്ട്.









