
തിരുവനന്തപുരം: സസ്പെന്‍ഷനിലായ ബി അശോക് ഐഎഎസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കെഎസ്‌ഇബി മുന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ.എംജി സുരേഷ് കുമാര്‍. കെഎസ്‌ഇബിക്ക് ദീര്‍ഘകാലം വൈദ്യുതി ലഭിക്കുമായിരുന്ന പവര്‍ പര്‍ച്ചേസ് കരാര്‍ ബി അശോക് ഒഴിവാക്കിയത് തന്നിഷ്ടപ്രകാരമെന്ന് എംജി സുരേഷ് കുമാര്‍ വെളിപ്പെടുത്തി.
കെഎസ്‌ഇബി ഫയലുകളുടെ പിന്‍ബലം ഇല്ലാതെയാണ് കരാര്‍ വേണ്ടെന്ന് കാട്ടി സ്വന്തം നിലയ്ക്ക് സര്‍ക്കാരിന് കത്തയച്ചത്. ജോലി ചെയ്ത ഇടങ്ങളിലെല്ലാം ബി അശോക് നടത്തിയ അഴിമതിയെക്കുറിച്ചും എംജി സുരേഷ് കുമാർ തുറന്നു പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന ബി അശോക് കെഎസ്‌ഇബിയിലും കൃഷിവകുപ്പിലും ജോലി ചെയ്ത കാലത്ത് നടത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് ഡോ. എംജി സുരേഷ്കുമാര്‍ തുറന്നു പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2022ല്‍ കെഎസ്‌ഇബി ഒപ്പിടാന്‍ തീരുമാനിച്ച പവര്‍ പര്‍ച്ചേസ് കരാര്‍ വേണ്ടെന്ന് കാട്ടി സര്‍ക്കാരിന് ബി അശോക് കത്തയച്ചത് ഏത് ബിസിനസ് റൂള്‍ പ്രകാരമെന്ന് സുരേഷ് കുമാര്‍ ചോദിച്ചു. ഈ നടപടിയില്‍ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷി വകുപ്പിലേക്ക് വാടകയ്ക്ക് കാര്‍ വാങ്ങിയതില്‍ ഗുരുതര ക്രമക്കേടും തട്ടിപ്പും നടത്തിയതായും സുരേഷ് കുമാര്‍ തുറന്നടിച്ചു. അഴിമതിക്ക് എതിരെന്നാണ് ബി അശോക് വീമ്പുപറയുന്നത്. എന്നാല്‍ ജോലി ചെയ്ത ഇടങ്ങളിലെല്ലാം വലിയ അഴിമതിയാണ് അശോക് നടത്തിയതെന്ന് എംജി സുരേഷ് കുമാര്‍ തുറന്നടിക്കുന്നു. എല്ലാ ക്രമക്കേടുകളുടെയും രേഖകള്‍ തന്‍റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.







