Spread the love

കോട്ടയം: മൂന്നാമത് നാഗമ്പടം ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫിലിപ്പ് സ്‌കറിയയും മുഹമ്മദ് സഹദും ചാമ്പ്യന്മാരായി. 50 വയസിനു താഴെയുള്ളവരുടെ ഫൈനലില്‍ സൂര്യ ശങ്കര്‍ – അജു കൊശമറ്റം ടീമിനെ നേരിട്ടുള്ള രണ്ടുസെറ്റുകള്‍ക്ക് ( 21-15, 21-14) തോല്‍പ്പിച്ചാണ് ഇരുവരും നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്.

video
play-sharp-fill

ഗ്രൂപ്പ് ബിയിലായിരുന്നു ഫിലിപ്പ്-സഹദ്, സൂര്യ-അജു ടീമുകള്‍. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൂര്യ-അജു സഖ്യം ഇരുവരെയും 30-16 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, ഫൈനലില്‍ കളിമാറുകയായിരുന്നു. അക്ഷരാര്‍ഥത്തിലൊരു കംബാക്ക് സ്‌റ്റോറി. കപ്പ് എടുക്കാനാണ് വന്നതെന്ന് പറഞ്ഞ ഫിലിപ്പും കൂടെയുണ്ടെന്ന് ഉറപ്പുനല്‍കിയ സഹദും ചേര്‍ന്ന് സൂര്യയേയും അജുവിനെയും നിരന്തരം കബളിപ്പിച്ചു. തുടക്കം മുതല്‍ ലീഡെടുത്ത് മുന്നേറിയ ഫിലിപ്പും സഹദും ഒരിക്കല്‍പ്പോലും എതിരാളികള്‍ക്ക് മേധാവിത്വം നേടാന്‍ അവസരം നല്‍കിയില്ല. ഡ്രോപ്പും സ്മാഷും പ്ലേസിങ്ങും കളംനിറഞ്ഞപ്പോള്‍ 21-15, 21-14 എന്നീ സെറ്റുകള്‍ക്ക് ഫിലിപ്പും സഹദും കിരീടം ചൂടി.

നേരത്തെ നടന്ന സെമിഫൈനലില്‍ ഷോണ്‍ ഡാനി ഗബ്രിയേല്‍-മുഹമ്മദ് സാദിഖ് സഖ്യത്തെ കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് (30-27) ഫിലിപ്പും സഹദും ഫൈനലില്‍ എത്തിയിരുന്നത്. കടുത്ത പനികാരണം കഴിഞ്ഞ ടൂര്‍ണമെന്റ് ഫിലിപ്പ് സ്‌കറിയയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ ഇക്കുറി വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഫിലിപ്പ് മത്സരശേഷം പ്രതികരിച്ചു. ഗ്രൂപ്പ് മത്സരത്തിലും സെമിയിലും മുഹമ്മദ് സഹദ് മികച്ച പ്രകടനം നടത്തി. അതിനാലാണ് വിജയിക്കാനായതെന്നും ഫിലിപ്പ് പറഞ്ഞു. ആദ്യരണ്ടു ടൂര്‍ണമെന്റുകളിലും വലിയ നേട്ടം കൈവന്നിരുന്നില്ല. ഇക്കുറി കിരീടം ചൂടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മുഹമ്മദ് സഹദും പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂര്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ഫൈനല്‍

 

നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഏറ്റവും കരുത്തുറ്റ താരങ്ങളിലൊരാള്‍ താന്‍തന്നെയെന്ന് ഉറപ്പിക്കുന്നതായിരുന്നു സൂര്യ ശങ്കറിന്റെ പ്രകടനം. ആദ്യ ടൂര്‍ണമെന്റില്‍ മുഹമ്മദ് നദീറിനൊപ്പം കിരീടം ചൂടി. രണ്ടാമത് തവണ ബേബിച്ചനൊപ്പം ഫൈനലിലെത്തി. മൂന്നാം ടൂര്‍ണമെന്റിലും ഫൈനലില്‍ കടക്കാനായത് സൂര്യയുടെ കളിമികവിനെ അടയാളപ്പെടുത്തുന്നു. ഗ്രൂപ്പ് മത്സരങ്ങളിലും സെമിയിലും എതിരാളികളെ നിഷ്പ്രയാസം കീഴടക്കിയായിരുന്നു സൂര്യയുടെയും അജു കൊശമറ്റത്തിന്റേയും മുന്നേറ്റം. സെമിയില്‍ സിറാജ്-യെദു സഖ്യത്തെ (30-18 ) സ്‌കോറിന് തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. ടൂര്‍ണമെന്റിലുടനീളം സൂര്യക്ക് മികച്ച പിന്തുണ നല്‍കിയ അജുവിന്റെ പ്രകടനവും കാണികളുടെ കൈയ്യടിനേടി.

തിളങ്ങി സാദിഖ്-ഷോണ്‍ സഖ്യം

ആദ്യമത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും തളരാതെ മുന്നോട്ടുകയറിയ കഥയാണ് ഷോണ്‍-സാദിഖ് സഖ്യത്തിന് പറയാനുണ്ടായിരുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ രണ്ടുവിജയവും നേടാന്‍ അവര്‍ക്കായി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ സിറാജ്-യെദു സഖ്യത്തെ (30-17) തോല്‍പ്പിച്ച് ഇരുവരും ടൂര്‍ണമെന്റില്‍ തിളങ്ങി. കഴിഞ്ഞകൊല്ലം ഷാജിറിനൊപ്പവും സാദിഖ് മൂന്നാംസ്ഥാനം നേടിയിരുന്നു. കടുത്ത മത്സരങ്ങളെ നേരിട്ടായിരുന്നു സിറാജ്-യെദു ടീമിന്റെ സെമിയിലേക്കുള്ള മുന്നേറ്റം. ആദ്യ മത്സരത്തില്‍ ജയകൃഷ്ണന്‍-നദീര്‍ സഖ്യത്തോട് (30-29) സ്‌കോറിനും രണ്ടാംമത്സരത്തില്‍ ഇഷാന്‍-രാജേഷ് സഖ്യത്തോട് (30-28) സ്‌കോറിനുമായിരുന്നു പൊരുതി വിജയിച്ചത്. എതിരാളികള്‍ക്കൊരവസരവും നല്‍കാതെയുള്ള സിറാജിന്റെ സ്മാഷുകള്‍ കാണികളുടെ കൈയടിനേടി.

രാജേഷ്-ഇഷാന്‍ ടീമിന് ഞെട്ടിക്കുന്ന തോല്‍വി

വലിയ പ്രതീക്ഷയോടെയെത്തിയ രാജേഷ്-ഇഷാന്‍ സഖ്യം ആദ്യറൗണ്ടില്‍ തന്നെ പരാജയപ്പെട്ടത് അത്ഭുതകാഴ്ചയായി. സാദിഖ്-ഷോണ്‍ ടീമിനെ 30-17 സ്‌കോറില്‍ പരാജയപ്പെടുത്തിയായിരുന്നു ഇരുവരും മത്സരമാരംഭിച്ചത്. എന്നാല്‍ പിന്നീടുള്ള രണ്ട് ഗ്രൂപ്പ് മത്സരത്തിലും തകര്‍ന്നടിഞ്ഞു. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യനായ രാജേഷിന്റെ മോശം ഫോമാണ് ഇഷാന്റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടും വിജയിക്കാനാകാത്തത് നിരാശാജനകമാണെന്ന് മത്സരശേഷം ഇഷാന്‍ റിയാസ് പ്രതികരിച്ചു. വരുന്ന ടൂര്‍ണമെന്റില്‍ ഇതിനെല്ലാം പ്രതികാരം ചെയ്യുമെന്ന് ഉറപ്പിച്ചാണ് യുവതാരം മടങ്ങിയത്.