
വയനാട്ടിലെ സിപ് ലൈൻ അപകടമെന്ന തരത്തില്‍ വ്യാജ വീഡിയോ നിർമ്മിച്ച സംഭവത്തില്‍ യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി അഷ്കർ അലിയാണ് പിടിയിലായത്. വയനാട് സൈബർ സെല്‍, സി ഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് അഷ്‌കർ.
വയനാട്ടില്‍ സിപ് ലൈൻ തകർന്ന് അപകടമുണ്ടായി എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു. ഇതൊരു എഐ വീഡിയോ ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു അപകടവും ജില്ലയില്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
‘വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത്’ എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചിരുന്നത്. വയനാട്ടിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഈ വ്യാജ വീഡിയോ. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം ജില്ലയിലെ ടൂറിസം മേഖല വീണ്ടും ഉണർന്ന് വരുന്ന ഘട്ടത്തിലാണ് വ്യാജ പ്രചാരണം നടന്നത്. തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. എന്തിനാണ് ഇയാള്‍ ഇത്തരത്തില്‍ വ്യാജ വീഡിയോ നിർമിച്ചതെന്ന് വ്യക്തമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group






