Spread the love

ഷിരൂർ: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66ല്‍ ഗതാഗതം പുനഃരാരംഭിച്ചു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിന് 17 ദിവസത്തിനു ശേഷമാണ് ഈ പാതയിലൂടെ ഗതാഗതം അനുവദിച്ചത്. മലയാളിയായ അർജുനും മറ്റനവധി ആളുകളും അപകടത്തില്‍പ്പെട്ട പാതയാണ് ഇത്.

video
play-sharp-fill

അപകടത്തിനുശേഷം ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതം നിരോധിച്ചത്. മണ്ണിടിഞ്ഞ പ്രദേശത്തിനു നാലു കിലോമീറ്റർ ദൂരത്ത് ദേശീയപാതയില്‍ ഇരുവശത്തും ബാരിക്കേഡുകള്‍ വച്ചാണ് ഗതാഗതം തടഞ്ഞിരുന്നത്.ഇപ്പോഴത്തെ നിബന്ധന പ്രകാരം 20 കിലോമീറ്റർ വേഗതയിലാണ് ഗതാഗതത്തിന് അനുമതി.

ഇതിനായി സൂചനാ ബോർഡുകളും സിഗ്നല്‍ ലൈറ്റുകളും സ്ഥാപിക്കും. കുന്നില്‍നിന്നു വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കി വിടുന്നതിനു കാന പണിയാൻ നടപടി സ്വീകരിക്കും. റോഡരികില്‍ പാർക്കിങ്ങിനു നിരോധനമുണ്ട്. പരിശോധനയ്ക്കായി പോലീസിനെ നിയോഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഗംഗാവലി നദിയില്‍ അർജുനു വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെയും നടന്നില്ല. തൃശൂർ കേരള കാർഷിക സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തിയന്ത്രം എത്തിക്കുന്ന കാര്യത്തിലെ തീരുമാനം സ്ഥിതിഗതികള്‍ പഠിച്ചശേഷം മാത്രമേ നടപ്പാകൂ.

സ്ഥലം സന്ദർശിച്ച കാർഷിക സർവകലാശാലാ സംഘം തൃശൂർ കളക്ടർക്ക് റിപ്പോർട്ട് നല്‍കി. എന്നാല്‍, ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തില്‍നിന്ന് തൃശൂർ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തില്‍ ഔദ്യോഗിക അപേക്ഷ ലഭിച്ചിട്ടില്ല. യന്ത്രം ഏതു രീതിയില്‍ ഉപയോഗപ്രദമാവും എന്നതു സംബന്ധിച്ച്‌ ഇനിയും പരിശോധന നടത്തി ഉറപ്പാക്കിയശേഷമേ നടപടികള്‍ക്കു സാധ്യതയുള്ളൂ.

അതിനിടെ, ഈ മാസം 5ന് അമാവാസി നാളില്‍ വേലിയിറക്കം ഉണ്ടാവുമെന്നും ആ സമയത്ത് നദിയില്‍ വെള്ളം കുറയുന്നതിനാല്‍ അന്നത്തേക്ക് മണ്ണുമാന്തി യന്ത്രം എത്തിക്കണമെന്നുമുള്ള ചർച്ചയും കഴിഞ്ഞ ദിവസം ഷിരൂരില്‍ ഉത്തര കന്നഡ കളക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ഉണ്ടായി. അർജുന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം ഷിരൂരില്‍നിന്ന് മടങ്ങിയിരുന്നെങ്കിലും ഇന്നു വീണ്ടും അവിടേക്കു തിരിക്കും.