
ജബൽപൂർ: മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ബര്‍ഗി ഡാമില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കാണാതായ ആറ് വിനോദസഞ്ചാരികള്‍ക്കായി കരസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഡൈവര്‍മാര്‍ കണ്ട കാഴ്ചകള്‍ ഏറെ വേദനാജനകമായിരുന്നു. മകനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച നിലയിലാണ് ഒരു യുവതിയുടെ മൃതദേഹം വെള്ളത്തിനടിയില്‍ നിന്ന് കണ്ടെടുത്തത്.
അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന 28 പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ചുഴലിക്കാറ്റാണ് അപകടത്തിന് കാരണമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍പ്പെട്ട ബോട്ട് മധ്യപ്രദേശ് വിനോദസഞ്ചാര വകുപ്പിന്റേതാണ്. ജീവന്‍രക്ഷാ ജാക്കറ്റുകള്‍ നല്‍കുന്നതിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലും ജീവനക്കാര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി രക്ഷപ്പെട്ടവര്‍ ആരോപിച്ചു. സംഭവത്തിൽ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ബോട്ട് പൈലറ്റ്, സഹായി, ടിക്കറ്റ് കൗണ്ടര്‍ ഇന്‍ചാര്‍ജ് എന്നിവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. റിസോര്‍ട്ട് മാനേജറെ സസ്‌പെന്‍ഡ് ചെയ്യുകയും റീജിയണല്‍ മാനേജറെ സ്ഥലം മാറ്റുകയും ചെയ്തു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി മുന്നോട്ടുവന്ന പ്രദേശവാസികളെ സ്വാതന്ത്ര്യദിനത്തില്‍ ആദരിക്കുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു.







