ഷിരൂർ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗംഗാവാലി പുഴയിൽ വീണ പാചകവാതക ലോറി കണ്ടെത്തി; ഏഴ് കിലോമീറ്റർ അകലെ നിന്നാണ് രക്ഷാപ്രവർത്തകർ ലോറി കണ്ടെത്തിയത്, ഡ്രൈവർമാരുടെ മൃതദേഹങ്ങൾ സംഭവ സ്ഥലത്ത് നിന്ന് 40 കിലോമീറ്ററോളം അകലെനിന്നും കണ്ടെത്തി
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ അങ്കോലയിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗംഗാവാലി പുഴയിൽ വീണ പാചകവാതകം നിറച്ച ടാങ്കർ ലോറി ഏഴ് കിലോമീറ്റർ അകലെ സഗഡ്ഗേരി ഗ്രാമത്തിൽ രക്ഷാപ്രവർത്തകർ കണ്ടെത്തി.
തമിഴ്നാട് സ്വദേശികളായ എം. മുരുഗൻ(45), കെ.സി. ചിന്ന(55) എന്നീ ഡ്രൈവർമാരുടെ മൃതദേഹങ്ങൾ സംഭവ സ്ഥലത്ത് നിന്ന് 40 കിലോമീറ്ററോളം അകലെ ഹൈന്ദവ തീർഥാടന കേന്ദ്രമായ ഗോകർണ മേഖലയിലെ ഗംഗാവാലി നദിയിൽനിന്ന് കണ്ടെടുത്തു.
ടാങ്കർ കയറിൽ കരയിൽ ബന്ധിച്ച് വാതകം ഒഴിവാക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച രാത്രിയോടെ പൂർത്തിയാക്കി. ലോറിയിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു ടാങ്കർ. ഇതിലെ ഡ്രൈവർമാർ നീന്തി രക്ഷപ്പെട്ടു എന്നായിരുന്നു സംഭവ ദിവസം പോലീസ് അധികൃതർ നിഗമനത്തിൽ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, പിന്നീടാണ് മൃതദേഹം ലഭിച്ചത്. പാചകവാതക ചോർച്ച ശ്രദ്ധയിൽ പെട്ടതിനാൽ സഗഡ്ഗേരി ഗ്രാമവാസികളെ ഒഴിപ്പിച്ചാണ് വാതകം ഒഴിവാക്കിയത്. കാലിയായ ടാങ്കർ കരയിൽ കയറ്റിവെച്ചതോടെ ഗ്രാമവാസികൾ ശനിയാഴ്ച അവരവരുടെ വീടുകളിൽ തിരിച്ചെത്തിത്തുടങ്ങി.
അതേസമയം, സംഭവത്തിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ ഊർജിതമാക്കി. രക്ഷാപ്രവർത്തനത്തിനായി കേരളത്തിൽ നിന്ന് പ്രത്യേക വിദഗ്ധസംഘം സംഭവസ്ഥലത്തെത്തി.
കാലാവസ്ഥ വെല്ലുവിളിയാണെന്നും ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കാർവാർ ജില്ല പോലീസ് സൂപ്രണ്ട് എം.നാരായണ പറഞ്ഞു. രക്ഷാ പ്രവർത്തനം സുഗമമാക്കാൻ ഈ പാതയിലൂടെയുള്ള വാഹനഗതാഗതം താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
ലോക്കൽ പോലീസ്, ദേശീയ ദുരന്തനിവാരണ സേന, അഗ്നിശമന സേന, മറ്റ് ഏജൻസികൾ നാലു ദിവസമായി രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്ന് എസ്.പി പറഞ്ഞു.
ഇരുദിശകളിലേക്കും കേരളം, കർണാടക,ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട നിരവധി വാഹനങ്ങൾ നിരന്തരം കടന്നു പോവുന്ന പാതയിലാണ് ചൊവ്വാഴ്ച മണ്ണിടിഞ്ഞത്. ടൺ കണക്കിന് മണ്ണ് ഒരുമിച്ച് ഒഴുകിയെത്തി ഗംഗാവാലി നദിയിൽ തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്.
കരയിലും കുന്നോളം മണ്ണുണ്ട്. 15 ഓളം പേർ അപകടത്തിൽപെട്ടുവെന്നാണ് നിഗമനം. വ്യാഴാഴ്ച പുറത്തെടുത്ത മൂന്ന് ഉൾപ്പെടെ ഏഴ് മൃതദേഹങ്ങൾ മാത്രമാണ് ഇതിനകം കണ്ടെത്തിയത്. സംഭവ ശേഷം കാണാതായവർ മണ്ണിടിച്ചിൽ ദുരന്തത്തിൽ പെട്ടിരിക്കാം എന്നാണ് പ്രദേശവാസികൾ പോലീസിനോട് പറയുന്നത്.
ഏഴുപേരാണ് ചൊവ്വാഴ്ച അപകടത്തിൽ പെട്ടതെന്നായിരുന്നു ആദ്യ വിവരം. അര്‍ജുനെ കാണാതായ സംഭവത്തിൽ തിരച്ചില്‍ പ്രവർത്തന മേൽനോട്ടത്തിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍ ഹിതേന്ദ്രയാണ് നേതൃത്വം നൽകുന്നത്.