ആലപ്പുഴ  ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയ്ക്കിടയില്‍; സമയക്രമീകരണം സംബന്ധിച്ച്‌ പൊലീസും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ത‌മ്മിലുണ്ടായ തര്‍ക്കം ലാത്തി വീശലില്‍ കലാശിച്ച സംഭവം; സബ് കളക്ടര്‍ അന്വേഷിക്കും

ആലപ്പുഴ ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയ്ക്കിടയില്‍; സമയക്രമീകരണം സംബന്ധിച്ച്‌ പൊലീസും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ത‌മ്മിലുണ്ടായ തര്‍ക്കം ലാത്തി വീശലില്‍ കലാശിച്ച സംഭവം; സബ് കളക്ടര്‍ അന്വേഷിക്കും

സ്വന്തം ലേഖകൻ

ആലപ്പുഴ: കിടങ്ങാംപറമ്പിൽ ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയുടെ സമയക്രമീകരണം സംബന്ധിച്ച്‌ പൊലീസും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ത‌മ്മിലുണ്ടായ തര്‍ക്കം ലാത്തി വീശലില്‍ കലാശിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സബ് കളക്ടര്‍ സൂരജ് ഷാജിയെ ജില്ല കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ ചുമതലപ്പെടുത്തി.

കുറ്റാരോപിതരായ പൊലീസുദ്യോഗസ്ഥരെ, അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുംവരെ മാറ്റി നിര്‍ത്തും. 24ന് രാത്രി പത്തരക്കാണ് സംഭവം. രാത്രി പത്ത് മണി വരെയാണ് ഗാനമേളയ്ക്ക് സമയം അനുവദിച്ചിരുന്നത്. കേള്‍വിക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പത്ത് മണിക്കു ശേഷവും ഗാനമേള തുടര്‍ന്നു. 10.30ന് ആലപ്പുഴ നോര്‍ക്ക് എസ്.ഐ മൈക്ക് ഓഫ് ചെയ്തത് സംബന്ധിച്ചുയര്‍ന്ന തര്‍ക്കമാണ് ലാത്തിവീശലില്‍ കലാശിച്ചത്. ഗര്‍ഭിണിയടക്കമുള്ളവര്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഗാനമേളയുടെ സമയം ദീര്‍ഘിപ്പിക്കാന്‍ ഡിവൈ.എസ്.പി അനുമതി നല്‍കിയിരുന്നതായാണ് ക്ഷേത്രം ഭാരവാഹികളുടെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന യോഗത്തെത്തുടര്‍ന്നാണ് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടത്. ഉത്സവം സുഗമമായിസംഘടിപ്പിക്കുന്നതിന് ദേവസ്വം കമ്മിറ്റിക്ക് പൂര്‍ണമായ പിന്തുണ പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ ഉറപ്പ് നല്‍കി.
ഒരാഴ്ചയ്ക്കുള്ളില്‍ സബ് കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. കിടങ്ങാംപറമ്ബ്, മുല്ലയ്ക്കല്‍ ക്ഷേത്രോത്സവങ്ങള്‍ കഴിയുന്നതുവരെ ഉത്സവ സ്ഥലത്ത് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരെ ക്രമസമാധാന പരിപാലനത്തിന് നിയോഗിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, എ.ഡി.എം എസ്.സന്തോഷ് കുമാര്‍, കിടങ്ങാംപറമ്ബ് ക്ഷേത്രയോഗം പ്രസിഡന്റ് കെ.എസ്.ഷാജി കളരിക്കല്‍, ഭാരവാഹികളായ ആര്‍.സ്‌കന്ദന്‍, ജി.മോഹന്‍ദാസ്, അഡ്വ.പ്രമല്‍ എന്നിവരും പങ്കെടുത്തു.