ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സാ പിഴവില്ലെന്ന റിപ്പോര്‍ട്ട് തള്ളി കുടുംബം; ഡോക്ടര്‍മാരെ രക്ഷിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്ന് ആരോപണം
സ്വന്തം ലേഖിക
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട് തള്ളി കുടുംബം.
ഡോക്ടര്‍മാരെ രക്ഷിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്നും ചികിത്സാ പിഴവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിസേറിയന് പിന്നാലെ കുഞ്ഞും മണിക്കുറുകള്‍ക്കകം അമ്മയും മരിച്ചത്. മരിച്ച അപര്‍ണയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു.
എന്നാല്‍ ഒരു തരത്തിലുമുള്ള ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ഡോക്ടര്‍മാരെ രക്ഷിക്കാന്‍ മാത്രമായി പടച്ചുണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
സീനിയര്‍ സര്‍ജന്‍ ഡോക്ടര്‍ തങ്കു കോശിയെ കുറിച്ച് പരസ്പര വിരുദ്ധമായാണ് അധികൃതര്‍ സംസാരിക്കുന്നതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഡോ. തങ്കു പ്രസവസമയം ലേബര്‍ മുറിയില്‍ ഉണ്ടായിരുന്നുവെന്ന് സൂപ്രണ്ട് പറയുമ്പോള്‍ ജോലി കഴിഞ്ഞ് പോയിരുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുനത്.
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.