
കൊച്ചി : സംസ്ഥാനത്ത് ഒരുവശത്ത് ഗൂണ്ടകളുടെ അഴിഞ്ഞാട്ടവും സിനിമ മോഡലില്‍ പിറന്നാള്‍ ആഘോഷവും. മറുവശത്ത് ഗൂണ്ടകളെ പിടിച്ച് അകത്തിടാൻ പൊലീസിന്റെ ഓപ്പറേഷൻ ആഗ്. ഇതിനിടയില്‍, ഗൂണ്ടകളുടെ വിരുന്ന് സ്വീകരിച്ച് പൊലീസിലെ ഒരുകൂട്ടർ. അങ്കമാലിയില്‍ ഗുണ്ടാ നേതാവിന്റെ വീട്ടില്‍ പൊലീസുകാർക്ക് വിരുന്ന് നല്‍കിയതാണ് ഒടുവിലത്തെ വാർത്ത.
കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല് പൊലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പൊലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്.
ഗുണ്ടാ നേതാക്കളുടെ വീട്ടില്‍ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പൊലീസ് തമ്മനം ഫൈസലിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍, ഡിവൈഎസ്പിക്കും പൊലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുചിമുറിയില്‍ കയറിയാണ് ഡിവൈഎസ്പി ഒളിച്ചത്. അങ്കമാലി പൊലീസ് വിവരം പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. റെയ്ഡില്‍ കണ്ടെത്തിയ പൊലീസുകാരെ അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഡിവൈഎസ്പിയെ കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടിലില്ല.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവാണ് വിരുന്നില്‍ പങ്കെടുത്തതെന്നാണ് വിവരം. ഇദ്ദേഹമാണ് പൊലീസുകാരെ വിരുന്നിന് എത്തിച്ചതെന്നാണ് അറിയുന്നത്. ആലുവ റൂറല്‍ എസ്പി., ഡിവൈഎസ്പിയോട് വിശദീകരണം തേടിയിട്ടുണ്ട്. വിരുന്ന് സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടക്കുകയാണ്. വിരുന്ന് സംഘടിപ്പിച്ചത് എന്തിന്റെ പേരിലാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അങ്കമാലി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരുമാണ് ഇന്നലെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്ബോള്‍ അങ്കമാലിയില്‍ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസലിന്റെ ആതിഥ്യം സ്വീകരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി അങ്കമാലി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാല്‍ തമ്മനം ഫൈസല്‍ ഉള്‍പ്പെടെയുള്ള ഗുണ്ടാ നേതാക്കള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നാലു പേർ ഒരു സ്വകാര്യ കാറില്‍ ഫൈസലിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നായിരുന്നു റെയ്ഡ്. ഫൈസലിനെയും മറ്റൊരാളെയും കരുതല്‍ തടങ്കലിലാക്കി എന്നാണ് അറിയുന്നത്.
അങ്കമാലി പൊലീസ് റൂറല്‍ എസ്പിക്കും അദ്ദേഹം റേഞ്ച് ഐജിക്കും റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തുന്നത് പൂർത്തിയായ ശേഷം റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ഡിവൈഎസ്പിക്കും പൊലീസുകാർക്കുമെതിരെ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന.
കൊച്ചിയില്‍ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസല്‍. എറണാകുളം തമ്മനത്തെ വീട്ടിലെ വിളിപ്പേരായിരുന്നു ഫൈസല്‍. പിന്നീട് അമ്മയുടെ നാടായ അങ്കമാലി പുളിയനത്തേക്ക് താമസം മാറ്റിയതോടെ തമ്മനം ഫൈസല്‍ എന്നറിയപ്പെട്ടു. തർക്കത്തെ തുടർന്ന് അച്ഛനെ തല്ലിയ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് 18ാം വയസ്സില്‍ തമ്മനം ഫൈസല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. കൊച്ചി ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് തമ്മനം ഷാജിയുടെ എതിരാളിയായാണ് ഫൈസല്‍ പിന്നീട് വളർന്നു വന്നത്. മുപ്പതിലേറെ കേസുകളില്‍ താൻ പ്രതിയായിരുന്നെന്നും ഇനി മൂന്നോ നാലോ കേസുകള്‍ മാത്രമേ ബാക്കിയുള്ളൂ എന്നുമാണ് ഫൈസല്‍ അടുത്തിടെ പറഞ്ഞത്.
താൻ കുറെ വർഷങ്ങളായി ഗുണ്ടാ പരിപാടികള്‍ക്കൊന്നും പോകാറില്ലെന്നും സ്വന്തമായി ടിപ്പറുകളും മാലിന്യം ശേഖരിക്കുന്ന വണ്ടിയും മറ്റ് കുടുംബ ബിസിനസുകളും നോക്കി നടത്തുകയാണ് ചെയ്യുന്നതെന്നാണ് ഫൈസല്‍ ചില യൂട്യൂബ് അഭിമുഖങ്ങളില്‍ അവകാശപ്പെട്ടിരുന്നത്. 2021ല്‍ മറ്റൊരു ഗുണ്ടാ സംഘത്തില്‍പ്പെട്ട ജോണി ആന്റണി എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായ മർദിച്ച കേസാണ് ഫൈസലിനെതിരെ ഏറ്റവുമൊടുവില്‍ രജിസ്റ്റർ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫൈസലും സംഘവും തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. തന്നെ വാളുകളുമായി ജോണി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയതിന് പകരം ചോദിച്ചതാണ് ആ സംഭവമെന്ന് ഫൈസല്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. കരാട്ടെ അദ്ധ്യാപകൻ കൂടിയാണ് .







