വിലക്ക് നീക്കണമെന്ന് ഫിഫയ്ക്ക് കത്തയച്ച് എഐഎഫ്എഫ്
ഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് മേൽ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സുനന്ദോ ധർ കത്തയച്ചു. ഫെഡറേഷന്‍റെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായ ധർ, വിലക്ക് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫ സെക്രട്ടറി ജനറൽ ഫാത്തിമ സമോറയ്ക്കാണ് കത്തയച്ചത്.
പ്രഫുൽ പട്ടേലിനെ ഫെഡറേഷൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി മൂന്നംഗ ഭരണസമിതിയെ നിയമിച്ച സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഫിഫ വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് നീക്കണമെങ്കിൽ ഫെഡറേഷന്‍റെ ദൈനംദിന കാര്യങ്ങൾ ഫെഡറേഷൻ തന്നെ കൈകാര്യം ചെയ്യണമെന്ന് ഫിഫ നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇന്നലെ സുപ്രീം കോടതി, ഭരണസമിതിയെ മാറ്റി പകരം സുനന്ദോ ധറിന് ചുമതല കൈമാറി. ഫിഫയുടെ നിർദേശം പാലിച്ചതിനാൽ വിലക്ക് നീക്കണമെന്ന് ഫെഡറേഷൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഫിഫ വിലക്ക് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഗോകുലം കേരള വനിതാ ടീമിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിനായി ടീം ഉസ്ബെക്കിസ്ഥാനിൽ എത്തിയതിന് പിന്നാലെയാണ് വിലക്ക് പ്രഖ്യാപിച്ചത്. ഇതോടെ മത്സരം കളിക്കാൻ കഴിയാതെ അവർക്ക് മടങ്ങേണ്ടി വന്നു. വിലക്ക് നീക്കിയാൽ വരാനിരിക്കുന്ന എഎഫ്സി കപ്പ് പോരാട്ടത്തിൽ എടികെ മോഹൻ ബഗാന് കളിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group