
കോട്ടയം നാഗമ്പടം പാലത്തിൽ വാഹനാപകടം: ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് സ്കൂട്ടറിൻ്റെ പിന്നിലിരുന്നു യാത്ര ചെയ്ത പുത്തേട്ട് സ്വദേശിയായ വീട്ടമ്മ
തേർഡ് ഐ ബ്യൂറോ
കോട്ടയം: നാഗമ്പടം പാലത്തിനു സമീപം ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു വീട്ടമ്മയാണ് സ്‌കൂട്ടറിൽ ലോറിയിടിച്ച് മരിച്ചത്. നാഗമ്പടം പാലത്തിലേയ്ക്കു കയറുന്ന ഭാഗത്തു വച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. പുത്തേട്ട് സ്വദേശി പ്രകാശിന്റെ ഭാര്യയാണ് മരിച്ചത്.
പുത്തേട്ട് നിന്നും കോട്ടയം നഗരത്തിലേയ്ക്കു വരികയായിരുന്നു പ്രകാശനും ഭാര്യയും. ഈ സമയം മുൻപിൽ പോയ ടോറസ് ലോറിയെ ഇവർ മറികടന്നിരുന്നു. ഇതിനിടെയാണ് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ടോറസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി. റോഡിൽ വീണ പ്രകാശിനും പരിക്കേറ്റിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗമ്പടം പാലത്തിലേയ്ക്കു കയറുന്നതിനിടെ ടോറസിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിർദിശയിൽ നിന്നും മറ്റൊരു വാഹനം എത്തുകയും സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. ഇവരുടെ തലയിലൂടെയാണ് ടോറസ് ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങിയത്. റോഡിൽ വീണു കിടന്ന പ്രകാശ് കണ്ടത് ഭാര്യയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുന്നതാണ്. നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്നു ടോറസ് ലോറി റോഡിനു നടുവിൽ നിർത്തിയിട്ടത് ഗതാഗതക്കുരുക്കിനു കാരണമായി. അരമണിക്കൂറോളം എം.സി റോഡിൽ നാഗമ്പടം ഭാഗത്ത് ഗതാഗതം തടസപ്പെട്ടു.
ട്രാഫിക് പൊലീസും കൺട്രോൾ റൂം പൊലീസ് സംഘവും എത്തിയാണ് മൃതദേഹം റോഡിൽ നിന്നും ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റിയത്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. റോഡിൽ ചിതറിക്കിടന്ന തലച്ചോറും രക്തവും അഗ്നിരക്ഷാ സേനയെത്തിയാണ് കഴുകിമാറ്റിയത്.
കോട്ടയം എം.ഡി കൊമേഷ്യൽ സെന്ററിൽ പ്രവർത്തിക്കുന്ന ലെവൽ ടെൻ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച നിഷ. ഭർത്താവ് പ്രകാശ് ആയുർവേദ ചികിത്സകനും തിരുമുകാരനുമാണ്. മക്കൾ – അംഷ പ്രകാശ്, അംഷിത് പ്രകാശ്.