ചെക്ക് കേസില്‍ 14 വര്‍ഷമായി മുങ്ങിനടന്നയാള്‍ പിടിയില്‍; പ്രതിയെ കാക്കനാട് ജയിലിലേക്ക് മാറ്റി; അശോകപുരം കൊടിയാമറ്റം അലിയെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വന്തം ലേഖിക
ആലുവ: ചെക്ക് കേസില്‍ 14 വര്‍ഷമായി മുങ്ങിനടന്ന പ്രതി പൊലീസ് പിടിയില്‍. അശോകപുരം കൊടിയാമറ്റം അലിയെയാണ് (54) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
2009ല്‍ ജോസ് എന്നയാളില്‍നിന്ന് നാലു ലക്ഷം രൂപ കടം വാങ്ങിയശേഷം തിരികെ കൊടുക്കാതെ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ജോസ് പെരുമ്പാവൂര്‍ കോടതിയില്‍ ചെക്ക് കേസ് ഫയല്‍ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പിന്നീട് ഇയാള്‍ മുങ്ങിനടക്കുകയായിരുന്നു. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതി, വാറന്റ് ആലുവ പൊലീസിന് കൈമാറി. തുടര്‍ന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് നടന്ന അന്വേഷണത്തില്‍ പെരുമ്പാവൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. വാടകയ്ക്ക് വീടെടുത്ത് മാറിമാറി താമസിക്കുക ആയിരുന്നു ഇയാൾ. പ്രതിയെ കോടതി മൂന്നു മാസം ശിക്ഷിച്ച് കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റി. ഇൻസ്‌പെക്ടര്‍ എം.എം. മഞ്ജു ദാസ്, എസ്‌ഐ പി.ടി. ലിജിമോള്‍, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കര്‍, കെ.എം. മനോജ്, മുഹമ്മദ് സലിം, എസ്. മിഥുൻ, പി.എ. മുനീര്‍ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.