play-sharp-fill
ക്രിയാറ്റിന്റെ അളവ് കൂടി; ഡയാലിസിസില്‍ ജീവൻ നിലനിര്‍ത്തിയ സിസ്റ്റര്‍ ബിനി മരിയയ്ക്ക് കരുതലായി യുവ വൈദികൻ; സന്യാസിനിയായ സഹോദരിക്ക് വൃക്ക പകുത്ത് നല്‍കിയത് പാലക്കാട് രൂപതാംഗമായ ഫാ. എബി പൊറത്തൂര്‍

ക്രിയാറ്റിന്റെ അളവ് കൂടി; ഡയാലിസിസില്‍ ജീവൻ നിലനിര്‍ത്തിയ സിസ്റ്റര്‍ ബിനി മരിയയ്ക്ക് കരുതലായി യുവ വൈദികൻ; സന്യാസിനിയായ സഹോദരിക്ക് വൃക്ക പകുത്ത് നല്‍കിയത് പാലക്കാട് രൂപതാംഗമായ ഫാ. എബി പൊറത്തൂര്‍

സ്വന്തം ലേഖകൻ

കൊച്ചി: സന്യാസിനിയായ സഹോദരിക്കു വൃക്ക പകുത്തു നല്‍കി സഹോദരനായ വൈദികൻ. ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി കൂടിയതോടെ ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മരിയൻ പ്രോവിൻസ് അംഗമായ സിസ്റ്റര്‍ ബിനി മരിയയ്ക്കാണ് ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കണമെന്നു നിര്‍ദേശിച്ചത്.

ഇതോടെ സഹോദരനായ ഫാ. എബി പൊറത്തൂര്‍ തന്റെ വൃക്ക നല്‍കാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. പാലക്കാട് രൂപതാംഗമായ ഫാ. എബി പൊറത്തൂര്‍ രൂപതയുടെ അധികാരികളെ വിവരം അറിയിച്ച്‌ ഉടൻ അനുവാദം വാങ്ങി. വൃക്ക നല്‍കാനുള്ള നടപടിക്രമങ്ങളും വേഗം പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ 4ന് ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ.ജോസ് തോമസ്, ഡോ. ബാലഗോപാല്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണു ശസ്ത്രക്രിയ നടത്തിയത്. രോഗത്തെത്തുടര്‍ന്ന് സിസ്റ്റര്‍ ബിനി 2022 ഏപ്രില്‍ മുതല്‍ ഡയാലിസിസ് ചെയ്തു വരികെയാണ് ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കാൻ നിര്‍ദേശിച്ചത്. ഫാ. എബിയും സിസ്റ്റര്‍ ബിനി മരിയയും പാലക്കാട് മേലാര്‍കോട് പൊറത്തൂര്‍ പി.പി. ആന്റോയുടെയും റൂബിയുടെയും മക്കളാണ്.

ശസ്ത്രക്രിയയ്ക്കു ശേഷം സിസ്റ്റര്‍ ബിനി ചുണങ്ങംവേലിയിലെ മഠത്തില്‍ വിശ്രമത്തിലാണ്. 31 വയസ്സുള്ള ഫാ. എബി പാലക്കാട് കൊഴിഞ്ഞാമ്ബാറ സെന്റ് ആന്റണീസ് പള്ളി വികാരിയാണ്. വിശ്രമത്തിനു ശേഷം 2 മാസത്തിനുള്ളില്‍ ചുമതലകളിലേക്കു മടങ്ങും. ക്രിയാറ്റിന്റെ അളവ് കൂടിയതോടെ മാസത്തിലൊരിക്കല്‍ നടത്തിയിരുന്ന ഡയാലിസിസ് ആഴ്ചയില്‍ മൂന്ന് വീതമായി.

വൃക്ക മാറ്റിവയ്ക്കുക മാത്രമാണു പരിഹാരമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരായ സ്‌നേഹ പി. സൈമണ്‍, അപ്പു ജോസ്, ബി. കെ. തരുണ്‍, സന്ദീപ് ആര്‍. നാഥ്, സച്ചിൻ ജോര്‍ജ്, ഗീതു സെബാസ്റ്റ്യൻ, അജിത്ത് ടോംസ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.

സഹോദരിക്കു വൃക്ക നല്‍കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിന്തുണ നല്‍കിയ രൂപതയോടു നന്ദിയുണ്ടെന്നും ഫാ. എബി പറഞ്ഞു. പങ്കുവയ്ക്കലിന്റെ മഹത്വം കുടുംബത്തില്‍ നിന്ന് ആരംഭിക്കണമെന്ന വലിയ മാതൃകയാണു ഫാ. എബി നല്‍കുന്നതെന്ന് രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി കുരുട്ടുകുളം പറഞ്ഞു.