
തിരുവനന്തപുരം: ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍നിന്നു കാണാതായയാളുടെ മൃതദേഹം കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തി.
പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി.ആർ.എ.-21 സുപ്രഭാതത്തില്‍ എൻ.റാമിനെ(68)യാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുൻ മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് വീട്ടുകാർ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി എട്ടരയോടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍.
എൻ.റാം ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റില്‍ ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറായിരുന്ന സമയത്താണ് 2006-2011 കാലയളവില്‍ മന്ത്രിയുടെ സ്റ്റാഫിലേക്കു നിയമിതനായത്. കെ.ജി.ഒ.എ. മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സരസ്വതി. മക്കള്‍: ശ്രുതി, സ്മൃതി. മരുമക്കള്‍: അർജുൻ, അനൂപ്.







