
ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല. വയനാട്ടിൽ നിന്ന് ടി സിദ്ദിഖ് മന്ത്രിയാകും. അവസാന നിമിഷം എ കെ ആന്റണിയുടെ ഇടപെടലാണ് നിർണായകമായത്. ഹൈക്കമാൻഡുമായി എകെ ആന്റണി സംസാരിച്ചതോടെ ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി. കോൺഗ്രസിൽ നിന്നുള്ള മുസ്‌ലിം പ്രതിനിധി കൂടിയാണ് ടി സിദ്ദിഖ്. ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ്, അൻവർ സാദത്ത് എന്നിവർ അവസാന മണിക്കൂറുകാഖ്‌ലിൽ ഒരുമിച്ച് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും നറുക്ക് വീണത് ടി സിദ്ദിഖിനാണ്. അഞ്ചു മണിയോടെ മന്ത്രിപട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്സഭവനിലെത്തി ഗവർണറെ കാണും.
അതേസമയം ഐസി ബാലകൃഷ്ണൻ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുകയാണ്. മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന, തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായേക്കുമെന്നാണ് വിവരം. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ധനകാര്യത്തിന് പുറമെ തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. ആഭ്യന്തരം ,വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്ക് നൽകും. റവന്യൂ സണ്ണി ജോസഫിനും ആരോഗ്യം-ദേവസ്വം വകുപ്പുകൾ കെ മുരളീധരനും വഹിക്കും. ഗതാഗത വകുപ്പ് സിപി ജോണിന് എന്നാണ് വിവരം.






