ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കണ്വീനർ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. വലിയതുറ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടിരുന്നു.

വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്സണൽ സ്റ്റാഫ് അനിൽകുമാർ രണ്ടാം പ്രതിയും വി എം സുനീഷ് മൂന്നാം പ്രതിയുമാണ്.

ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി ജയരാജൻ മർദ്ദിച്ചെന്നും ഹർജിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കുറ്റകരമായ നരഹത്യാശ്രമം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group