
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ കടുത്ത വിമർശനം.
ഭരണശൈലിയിലും മുഖ്യമന്ത്രിയുടെ വ്യക്തിപരമായ സമീപനങ്ങളിലും നേരത്തെ തന്നെ തിരുത്തലുകള്‍ വരുത്തണമായിരുന്നുവെന്ന് പി.ബി യോഗത്തില്‍ അംഗങ്ങള്‍ തുറന്നടിച്ചു.
കനത്ത തോല്‍വിക്ക് പിന്നില്‍ ചില വ്യക്തികളുടെ വീഴ്ചകള്‍ക്ക് നിർണായക പങ്കുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം.
തോല്‍വിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പൂർണ്ണമായി അംഗീകരിക്കാൻ പൊളിറ്റ് ബ്യൂറോ തയ്യാറായില്ല. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉണ്ടായ ശക്തമായ ജനരോഷത്തിന്റെ യഥാർത്ഥ കാരണങ്ങള്‍ കൃത്യമായി പഠിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് പി.ബിയുടെ വിലയിരുത്തല്‍.
തോല്‍വിയെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള പഠനം വേണമെന്നും, തെറ്റ് തിരുത്തല്‍ രേഖ നടപ്പിലാക്കുന്നതിനൊപ്പം പാർട്ടിയുടെ തലപ്പത്ത് തന്നെ അടിയന്തരമായ തിരുത്തലുകള്‍ വേണമെന്നും നിർദ്ദേശമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുതിർന്ന നേതാക്കള്‍ക്കിടയിലെ പാർലമെന്ററി വ്യാമോഹവും ഭരണകാലത്തുണ്ടായ ഉദ്യോഗസ്ഥ മേധാവിത്വവുമാണ് ജനങ്ങളെ പാർട്ടിയില്‍ നിന്ന് അകറ്റിയതെന്ന് പി.ബി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ സ്ഥാനത്തിരുന്ന് ഇനി സർഗാത്മകമായി പ്രവർത്തിക്കാനും നേതാക്കള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് ഉന്നയിച്ച ‘സി.പി.എം-ബി.ജെ.പി’ അന്തർധാര ആരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയതില്‍ അംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തി.
ഇന്ത്യ സഖ്യത്തിലെ സി.പി.എമ്മിന്റെ പങ്കാളിത്തം സംബന്ധിച്ചും യോഗത്തില്‍ ചർച്ചകള്‍ നടന്നു. അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി (സി.സി) യോഗത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയും പിണറായി വിജയനെതിരെയുള്ള വിമർശനങ്ങളും വീണ്ടും പ്രധാന അജണ്ടയായി വരും.







