
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ.
വസ്തുനിഷ്ഠമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള പൊലീസിനോട് ആവശ്യപ്പെട്ടതായി കമ്മീഷൻ അധ്യക്ഷ പി.സതീദേവി അറിയിച്ചു.
ഇന്ന് രാവിലെയാണ് ആറ്റുകാൽ സ്വദേശിനിയായ ആരതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്‍റെ ക്രൂരമായ ഗാർഹിക പീഡനമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന കുടുംബത്തിന്‍റെ ആരോപണത്തിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍റെ ഇടപെടൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണത്തിന് തൊട്ടുമുമ്പ്, ഭർത്താവ് മർദിച്ചതിന്‍റെ ചിത്രങ്ങൾ ആരതി തന്‍റെ അമ്മക്ക് വാട്സ്ആപ്പിൽ അയച്ചുകൊടുത്തിരുന്നു. ഈ തെളിവുകൾ പൊലീസ് അന്വേഷണത്തിൽ നിർണായകമായേക്കുമെന്നാണ് വിവരം.
ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ ആരതിയുടെ ഭർത്താവ് അതുലിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്താൻ വനിതാ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.







