Spread the love

തിരുവനന്തപുരം: കരിമണല്‍ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കം അതിശക്തമായ നടപടികളിലേക്ക് കടക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കൊച്ചിയിലെ കരിമണല്‍ കമ്പനിയുടെ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത രേഖകളുടെ സൂക്ഷ്മ പരിശോധന നടക്കുകയാണിപ്പോള്‍.

video
play-sharp-fill

അതിനു ശേഷമായിരിക്കും കടുത്ത നടപടികളിലേക്ക് നീങ്ങുക. വീണയെ വിശദമായി ചോദ്യംചെയ്യാനും പണംകൈപ്പറ്റിയ മറ്റുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
ഇരുനൂറോളം ബാങ്ക് രേഖകള്‍, ലാപ്‌ടോപ്പുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയെല്ലാം പരിശോധിക്കുകയാണി‌പ്പോള്‍.

തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡില്‍ വീണയുടെ ഫോണ്‍ ഇ.ഡി പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്ന് പണമിടപാടുകളുടെയടക്കം നിർണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണയുടെ ബാങ്ക് ലോക്കർ ഉടൻ ഇ.ഡി പരിശോധിക്കും. എച്ച്‌.ഡി.എഫ്.സി ബാങ്കിലെ ഒരു അക്കൗണ്ട് ഇതിനകം മരവിപ്പിച്ചു. ഈ അക്കൗണ്ടുമായി ചേർന്നുള്ള ലോക്കറായിരിക്കും പരിശോധിക്കുക.
നിർണായക രേഖകള്‍ ഈ ലോക്കറിലുണ്ടാവുമെന്നാണ് വിലയിരുത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സംശയിക്കപ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഇ.ഡിയുടെ സ്വാഭാവിക നടപടിയാണ്.

വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇ.ഡിയുടെ റെയ്ഡില്‍ കിട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ ആരായാൻ വീണയെ സമൻസ് നല്‍കി കൊച്ചിയിലേക്ക് വിളിപ്പിക്കുന്നതാണ് അടുത്ത നടപടി.

ഇ.ഡിയുടെ അന്വേഷണം തടയാൻ സി.എം.ആർ.എല്‍ സമർപ്പിച്ച അപ്പീല്‍ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് നടന്ന അക്രമത്തിന്‍റെ വിവരങ്ങളടക്കം ഇ.ഡി കോടതിയെ ധരിപ്പിക്കും. 12 സ്ഥലങ്ങളിലെ റെയ്ഡുകളില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മാസപ്പടി കേസില്‍ അന്വേഷണം അനിവാര്യമാണെന്നും ഇ.ഡി നിലപാടെടുക്കും.
വിദേശത്തെ അക്കൗണ്ടുകളിലേക്കടക്കം അന്വേഷണം നീളേണ്ടതുണ്ടെന്നാണ് ഇഡിയുടെ നിലപാട്. അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്കും അന്വേഷണമുണ്ടാവും.

കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ലാവ്‍ലിൻ കമ്പനിയുടെ ഉപകമ്പനിയില്‍ നിന്നടക്കം ഈ അക്കൗണ്ടില്‍ പണമെത്തിയെന്നാണ് ഇഡിക്കുള്ള വിവരം. പിണറായി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് പണമിടപാട് നടന്നത്.

വീണയുടെയും എക്സാലോജിക് കമ്പനിയുടെയും ഏറ്റവും വലിയ വരുമാന സ്രോതസ്സ് സിഎംആർഎല്‍ കമ്പനിയായിരുന്നുവെന്ന് എസ്‌എഫ്‌ഐഒ കണ്ടെത്തിയിട്ടുണ്ട്.
കണ്‍സല്‍ട്ടന്‍റ് എന്ന നിലയില്‍ വീണയ്ക്കു മാത്രം 2016-17 മുതല്‍ 2020-21 വരെ സിഎംആർഎല്‍ നല്‍കിയത് 2.07 കോടിയാണ്. എക്സാലോജിക്കിന് 2017-18, 2018-19 സാമ്പത്തിക വർഷത്തിലായി 71 ലക്ഷവും നല്‍കി.
വീണയും എക്സാലോജിക്കുമായുള്ള കരാറുകള്‍ സിഎംആർഎലിന്റെ ഡയറക്ടർ ബോർഡ് അറിഞ്ഞല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വീണയും സിഎംആർഎലുമായി 2017 മാർച്ച്‌ മുതല്‍ 2020 ജൂണ്‍ വരെ 93 ഇമെയിലുകള്‍ അയച്ചതിന്റെ ഉള്ളടക്കം പണമിടപാട് സംബന്ധിച്ച ഇൻവോയ്സ് മാത്രമായിരുന്നു. കമ്പനിക്കു നല്‍കുന്ന സേവനത്തെക്കുറിച്ച്‌ ഒരു പരാമർശവുമുണ്ടായിരുന്നില്ല.

കരിമണല്‍ കമ്പനി 15 വർഷത്തിനിടെ 182 കോടിരൂപയുടെ സംശയകരമായ ഇടപാടുകള്‍ നടത്തിയതും കണ്ടെത്തിയിട്ടുണ്ട്.
കരിമണലിലെ ചെളി കളഞ്ഞ് ശുദ്ധീകരിക്കാനെന്ന വ്യാജേനയും കോടികളുടെ കണക്ക് കാണിച്ചിട്ടുണ്ട്. ഇത് രാഷ്ട്രീയ നേതാക്കള്‍ക്കുള്‍പ്പെടെ നല്‍കിയ കൈക്കൂലിയാണെന്നാണ് ഇ.ഡി കരുതുന്നത്.