
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ താൻ പരാജയപ്പെടാൻ കാരണമായത് വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടലാണെന്ന് ആരോപിച്ച് മുൻ യുഡിഎഫ് സ്ഥാനാർഥി ടി. ശരത്ചന്ദ്ര പ്രസാദ്. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കടകംപള്ളി സുരേന്ദ്രന് അനുകൂലമായി തിരിച്ചുവിട്ടതിലൂടെ തന്റെ വിജയസാധ്യത ഇല്ലാതാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മുമ്പ് യൂസഫലിയുടെ നിർദേശപ്രകാരം മഹല്ല് കമ്മിറ്റി യോഗം ചേർന്നിരുന്നുവെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. തനിക്കെതിരെ വ്യക്തിപരമായ വിരോധമില്ലെങ്കിലും യുഡിഎഫിന് വോട്ട് ചെയ്താൽ ബിജെപി സ്ഥാനാർഥി വി. മുരളീധരൻ വിജയിക്കാനുള്ള സാഹചര്യമുണ്ടാകുമെന്ന് യൂസഫലി യോഗത്തിൽ പറഞ്ഞുവെന്നും കടകംപള്ളി സുരേന്ദ്രനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഇതുവഴി ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിലേക്ക് മാറിയതോടെ തന്റെ വോട്ടുവിഹിതം കുറഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
അതേസമയം, എൽഡിഎഫിന്റെ ഏകദേശം 6,500 വോട്ടുകൾ ബിജെപിയിലേക്ക് പോയതായും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു. രാജീവ് ചന്ദ്രശേഖറിനെയും വി. മുരളീധരനെയും വിജയിപ്പിക്കുന്നതിന് അനുകൂലമായ അന്തർധാര സൃഷ്ടിച്ചതും യൂസഫലിയാണെന്നും അദ്ദേഹം ആരോപിച്ചു. കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപിയുടെ വി. മുരളീധരൻ 428 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുരളീധരന് 46,546 വോട്ടുകളും കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകളും ലഭിച്ചപ്പോൾ, ശരത്ചന്ദ്ര പ്രസാദ് 37,183 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







