Spread the love

പഠനവഴിയില്‍ പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികള്‍ക്ക് തണലൊരുക്കാൻ വേറിട്ടൊരു പദ്ധതിയുമായി പെരുവന്താനം പൊലീസ്. സ്റ്റേഷൻ പടിക്കല്‍ സ്ഥാപിച്ചിട്ടുള്ള ‘കരുതല്‍ പെട്ടിയിലൂടെ’ നാട്ടുകാരുടെ സഹായത്തോടെ പഠനോപകരണങ്ങള്‍ സമാഹരിച്ച്‌ അർഹരായ കുട്ടികളിലേക്ക് എത്തിക്കുകയാണ് ഈ കാക്കിപ്പട.

video
play-sharp-fill

സാധാരണ ഗതിയില്‍ പോലീസ് സ്റ്റേഷനില്‍ കാണാൻ കഴിയുന്നത് പരാതിപ്പെട്ടിയാണ്. എന്നാല്‍ പെരുവന്താനം പോലീസ് സ്റ്റേഷനിലേക്കെത്തുന്നവർ ആദ്യം കാണുന്നത് ഈ പെട്ടിയാണ്. ഇതെന്തിനാണെന്നുള്ള ഉത്തരവും പെട്ടിയില്‍ എഴുതി വച്ചിട്ടുണ്ട്. വായിച്ചറിയുന്നതോടെ മിക്കവരും സ്വന്തം ഇഷ്ടപ്രകാരം പുറത്തുപോയി പുസ്തകങ്ങളും ബാഗും പേനയുമടക്കമുള്ള പഠനോപകരണങ്ങള്‍ വാങ്ങി ഇതില്‍ നിക്ഷേപിക്കും. ഇതിനായി പൊലീസ് ആരെയും നിർബന്ധിക്കാറില്ല എന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്റ്റേഷൻ പരിധിയില്‍ വരുന്ന കൊക്കയാ‍ർ പെരുവന്താനം പഞ്ചായത്തുകളിലെ സ്ക്കൂളുകളിലുള്ള കുട്ടികള്‍ക്കാണിവ വിതരണം ചെയ്യുന്നത്.

കഴിഞ്ഞ വർഷമാണിത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. പത്തു സ്ക്കൂളികളിലെ അർഹരായ കുട്ടികള്‍ക്ക് എല്ലാ സാധനങ്ങളും കൈമാറാൻ കഴിഞ്ഞു. തങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ അർഹതപ്പെട്ട കൈകളില്‍ തന്നെ കൃത്യമായി എത്തിച്ചേരുമെന്ന ഉറപ്പുള്ളതിനാല്‍ വലിയ പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്നും പദ്ധതിക്ക് ലഭിക്കുന്നത്. സ്ക്കൂള്‍ തുറന്നാലുടൻ ഇവ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ കൈകളിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group