
കിഴക്കമ്പലം: വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട യുവതിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
കോതമംഗലം സ്വദേശിയായ നിതിൻ (31) ആണ് അറസ്റ്റിലായത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഇയാളുടെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് കുന്നത്തുനാട് പൊലീസ് നടപടി സ്വീകരിച്ചത്.
വധശ്രമക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിന് പ്രണയബന്ധമുണ്ടായിരുന്നു. ഇതിനിടെ മറ്റൊരു യുവതിയുമായി നിതിന്റെ വിവാഹം നിശ്ചയിച്ചു. ഇതോടെ ബന്ധം അവസാനിപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ വാക്കുതർക്കത്തിനിടെ നിതിൻ യുവതിയെ മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
യുവതി മരിച്ചതായി കരുതിയ പ്രതി, കൈകള്‍ കെട്ടിയശേഷം കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ പുലർച്ചെയോടെ ബോധം വീണ്ടെടുത്ത യുവതി ഇഴഞ്ഞ് കോഴിപ്പിള്ളി ജങ്ഷനിലെത്തി നാട്ടുകാരുടെ സഹായം തേടി.
തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.







