
നടി അന്‍സിബ ഹസന്റെ പരാതി കേള്‍ക്കാനൊരുങ്ങി അഭിനേതാക്കളുടെ സംഘടനയായ അമ്മ. നടൻ ടിനി ടോമിനെതിരായ പരാതി ഉള്‍പ്പെടെ അമ്മ കേള്‍ക്കും. ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ട് എത്താനാണ് അൻസിബയ്ക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്. തെളിവുകള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ എത്തിക്കാനും നിര്‍ദേശമുണ്ട്. താന്‍ ആവശ്യപ്പെടുന്നവരുള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടു. നിഷ്പക്ഷമായി തന്നെ കേള്‍ക്കണമെന്നും തന്റെ പരാതിയില്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. രമേശ് പിഷാരടി, മാല പാര്‍വ്വതി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുള്‍പ്പെട്ട സമിതി വേണമെന്നാണ് അന്‍സിബയുടെ ആവശ്യം.
ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്. തന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിക്കുകയാണെന്നും മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്നുമുൾപ്പെടെ പറഞ്ഞു പരത്തുകയാണ് ടിനി ടോം എന്നുമാണ് അൻസിബ ആരോപിച്ചത്. അൻസിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തിയിരുന്നു. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു.






