
മാസപ്പടി കേസിൽ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് മൊഴി എടുക്കുന്നത്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും വീണാ വിജയന്റെ ബെംഗളൂരുവിലെ ഓഫീസിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
നിയമപോരാട്ടത്തെ അധികാരം ഉപയോഗിച്ചും പണം ഉപയോഗിച്ചും തടസ്സപ്പെടുത്താന്‍ ആണ് പിണറായി വിജയന് ശ്രമിച്ചതെന്ന് ഇ ഡി പരിശോധനയ്ക്കിടെ പരാതിക്കാരന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് ഇ ഡിയാണ്. പിണറായി വിജയനും മകളും ഈ കേസിൽ കുറ്റക്കാരാണ്. അവര്‍ കേരളത്തെ വിറ്റു. അതുവഴി കോടിക്കണക്കിന് രൂപ സമ്പാദിച്ചു. അത് വിദേശത്തേക്ക് കടത്തി. അന്വേഷണം പൂർത്തിയാകുമ്പോൾ പിണറായി വിജയനും മകളും ജയിലില്‍ പോകുന്നത് കേരള സമൂഹം കാണും എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.






