
മുഖ്യമന്ത്രി വിഡി സതീശൻ്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐഎഎസിനെ നിയമിച്ചതിൽ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്. കേരളത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന ആളെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആക്കിയതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളിൽ ചീഫ് ഇലക്ട്രൽ ഓഫീസർ ആയിരുന്ന ആളെ ചീഫ് സെക്രട്ടറി ആക്കിയതിനെ രാഹുൽഗാന്ധി എതിർക്കുമ്പോഴാണ് കേരളത്തിൽ നിയമനമെന്നും പി രാജീവ് പറഞ്ഞു. ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധി എതിർക്കുമ്പോൾ ആണ് കേരളത്തിൽ നിയമനം നടക്കുന്നതെന്നും ഇത് വളരെ ഗൗരവമേറിയ പ്രശ്നമാണെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
കൂളിംഗ് പിരീഡ് പോലും പാലിക്കാതെയാണ് രത്തൻ ഖേൽക്കർ ഐഎഎസിൻ്റെ നിയമനം. കൊള്ള നടത്തിയതിന്റെ പ്രതിഫലം എന്ന് ബംഗാളിൽ ആരോപിക്കുന്ന കോൺഗ്രസ് ഇക്കാര്യത്തിൽ പ്രതികരണം നടത്തണമെന്നും കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം, രാഹുൽ ഗാന്ധി എന്നിവർ നിലപാട് വ്യക്തമാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. രത്തൻ ഖേൽക്കറെ സെക്രട്ടറിയാക്കിയതിൽ ആരോപണവുമായി സാമൂഹിക മാധ്യമങ്ങളിൽ ഇടത് അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫിനെ ജയിപ്പിച്ചതിലുള്ള ഉപകാര സ്മരണമയെന്നാണ് ആരോപണം.






