
കോട്ടയം: പാര്‍ട്ടി കോട്ടയായ വൈക്കത്തെ സിപിഐക്കുണ്ടായ തോല്‍വി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ഥി പി. പ്രദീപ്.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് പ്രദീപ് ആവശ്യമുന്നയിച്ചത്. തലയാഴത്തുണ്ടായ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മണ്ഡലം കമ്മിറ്റിയും ജില്ലാ നേതൃത്വവും കാര്യമായി ഇടപെട്ടില്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയശേഷം നേതൃത്വത്തിനെതിരേ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തില്‍ അറിയിച്ചു.
തലയാഴത്തു പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും ഇനിയൊരാളും പാര്‍ട്ടി വിടില്ലെന്ന് വൈക്കത്തെ നേതൃത്വത്തിന് ഉറപ്പാക്കാന്‍ സാധിക്കണമെന്നും സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
ഇതോടെ വൈക്കം മണ്ഡലം കമ്മിറ്റിയിലെയും തലയാഴം ലോക്കല്‍ കമ്മിറ്റിയിലെയും പലരുടെയും സ്ഥാനം തെറിക്കുമെന്ന് ഉറപ്പായി. വൈക്കത്തെ പരാജയവുമായി ബന്ധപ്പെട്ട് ജില്ലാ കൗണ്‍സിലില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് ആവശ്യമെങ്കില്‍ കമ്മീഷനെ നിയമിക്കാനും ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു.
തലയാഴത്തെ മുന്‍ ലോക്കല്‍ സെക്രട്ടറി പി.ആര്. രജനി ഉല്ലല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉയർത്തിയ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും നേതൃത്വത്തിനായില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും സിഡിഎസ് ചെയര്‍പേഴ്സണ്‍ കൂടിയായ രജനിക്ക് മണ്ഡലം കമ്മിറ്റിയിലെ ചിലര്‍ ആസൂത്രിതമായി സീറ്റ് നിഷേധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി പറയാന്‍ സംസ്ഥാന സെക്രട്ടറിയുടെ അടുത്തെത്തിയ രജനിയെ സംസ്ഥാന സെക്രട്ടറി ഗൗനിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നു. വിഷയത്തില്‍ മണ്ഡലം, ജില്ലാ നേതൃത്വത്തിന്റെ ന്യായീകരണത്തിലാണ് ഗൗരവം കാണിക്കാതിരുന്നതെന്ന് സെക്രട്ടറി പറഞ്ഞു.
രജനി ബിജെപിയിലേക്ക് പോയപ്പോള്‍ അതു തടയാൻ നേതൃത്വം ശ്രമിച്ചില്ല. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും രജനി ബിജെപിയിലെത്തിച്ചു.
ബിജെപിയിലായിരുന്നെങ്കിലും രജനിക്ക് പഞ്ചായത്തിലുണ്ടായിരുന്ന സ്വാധീനവും വ്യക്തിബന്ധങ്ങളും ഉപയോഗിച്ച് ബിജെപിക്ക് വോട്ടു ചെയ്യാതെ യുഡിഎഫിനു വോട്ടു മറിക്കുന്ന സ്ഥിതിയാണുണ്ടായത്. ഇതുമൂലം രണ്ടായിരത്തിനു മുകളില്‍ വോട്ടു ലീഡ് പ്രതീക്ഷിച്ചിരുന്ന തലയാഴത്ത് യുഡിഎഫ് മികച്ച ലീഡ് നേടി.
ജില്ലയിലെ പല മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസ് -എം വോട്ടുകള്‍ പൂര്‍ണമായും എല്‍ഡിഎഫിനു ലഭിച്ചില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വൈക്കം മണ്ഡലത്തില്‍ മാണി ഗ്രൂപ്പിനു സ്വാധീനമുള്ള തലയോലപ്പറമ്പ്, വെള്ളൂര്‍ മേഖലയില്‍ വോട്ടു ലഭിച്ചില്ലെന്നു മാത്രമല്ല പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ടു ചെയ്തു. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ന്യൂനപക്ഷ ഏകീകരണം മനസിലാക്കാന്‍ സിപിമ്മിനായില്ല. പൂഞ്ഞാര്‍ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സംഘടനാ സംവിധാനമേയില്ലായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും പിണറായി വിജയനെയും യോഗത്തില്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി സിപിഎമ്മിനു മുന്നില്‍ അടിമയെപ്പോലെ ഓഛാനിച്ചു നില്‍ക്കുകയായിരുന്നു. കഴിവുകെട്ട പാര്‍ട്ടി സെക്രട്ടറി പുറത്തുപോകുകയാണ് നല്ലതെന്നും കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
പാര്‍ട്ടി മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമായിരുന്നു. മുഖ്യമന്ത്രി യുടെ മുന്നില്‍ ശക്തമായി ഒരു കാര്യം അവതരിപ്പിക്കാന്‍ പോലും ഇവര്‍ക്കു കഴിഞ്ഞില്ല. വൈക്കം മുന്‍ എംഎല്‍എ സി.കെ. ആശ വന്നവഴി മറന്നാണു പ്രവര്‍ത്തിച്ചത്. ആശയുടെ പ്രവൃത്തിദോഷം പരാജയത്തിന്റെ പ്രധാനഘടകമായെന്നും ചില അംഗങ്ങള്‍ തുറന്നടിച്ചു.







