
തിരുവനന്തപുരം: കേരളത്തില്‍ ജനവിധി അനുകൂലമായതിന് പിന്നാലെ യു.ഡി.എഫില്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഊര്‍ജ്ജിതമായ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്.
പരമ്പരാഗതമായി മുന്നണി പുലര്‍ത്തിപ്പോരുന്ന വകുപ്പുവിഭജന രീതികളിലും മന്ത്രിമാരുടെ എണ്ണത്തിലും ഇത്തവണ വലിയ തോതിലുള്ള അഴിച്ചുപണികള്‍ക്ക് സാധ്യത തെളിയുകയാണ്. ഘടകകക്ഷികളെ എല്ലാം ഒരുപോലെ സംതൃപ്തിപ്പെടുത്തുന്നതിനൊപ്പം, ഭരണത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനായി ജാതി-മത-സാമുദായിക സന്തുലിതാവസ്ഥ കൃത്യമായി പാലിക്കുക എന്ന അതീവ ഗുരുതരമായ വെല്ലുവിളിയാണ് പുതിയ നേതൃത്വത്തിന് മുന്നിലുള്ളത്.
യുഡിഎഫിലെ മന്ത്രി പദവി വിഭജനത്തില്‍ ഇന്ന് അന്തിമരൂപം വരും. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് നാല് മന്ത്രിസ്ഥാനങ്ങളില്‍ തൃപ്തിപ്പെടാന്‍ തയ്യാറായാല്‍ മാത്രമേ മുന്നണിയിലെ ചെറുഘടകകക്ഷികള്‍ക്കെല്ലാം മന്ത്രിപദവി ഉറപ്പാക്കാന്‍ സാധിക്കൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലീഗിന് നാല് മന്ത്രിമാരും ഒപ്പം ക്യാബിനറ്റ് പദവിയുള്ള മറ്റു സുപ്രധാന പോസ്റ്റുകളും നല്കി അനുനയിപ്പിക്കാനുള്ള ഫോര്‍മുലയ്ക്കാണ് നിലവില്‍ മുന്‍ഗണന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഫോര്‍മുല യാഥാര്‍ത്ഥ്യമായാല്‍, ഒരു മന്ത്രി മാത്രമുള്ള ചെറു കക്ഷികള്‍ക്കും ഭരണ പങ്കാളിത്തം ഉറപ്പാക്കാനും മുന്നണിയിലെ അസംതൃപ്തി പൂര്‍ണ്ണമായും ഒഴിവാക്കാനും കോണ്‍ഗ്രസിന് സാധിക്കും.
ഭരണതലത്തില്‍ ലീഗിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മറ്റ് ചില ഫോര്‍മുലകളും ചര്‍ച്ചയിലുണ്ട്. മുതിര്‍ന്ന നേതാവ് എം.കെ. മുനീറിനെ ഉദ്ദേശിച്ച് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷസ്ഥാനവും കമ്മീഷന്റെ പുനഃസംഘടനയും ലീഗ് താല്പര്യപ്പെടുന്നുണ്ട്.
ഇതോടൊപ്പം കെ.പി.എ. മജീദിനായി മറ്റൊരു സുപ്രധാന പദവിയും ലീഗ് ക്യാമ്പ് ആവശ്യപ്പെടുന്നുണ്ട്. മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തില്‍ കടുംപിടുത്തം പിടിക്കാതെ, ഇത്തരം പദവികളിലൂടെ ലീഗിന്റെ രാഷ്ട്രീയ പ്രാധാന്യം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.







