
തിരുവനന്തപുരം: 2026ലെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ എം മുകുന്ദൻ അർഹനായി. ഒഎൻവി കള്‍ച്ചറല്‍ അക്കാദമി വർഷംതോറും നല്‍കിവരുന്ന സാഹിത്യ പുരസ്കാരമാണിത്.
മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. ഡോ. എം ലീലാവതി, പ്രഭാവർമ്മ, ആലംകോട് ലീലാകൃഷ്ണൻ എന്നിവരുള്‍പ്പെടുന്ന കമ്മിറ്റി ഏകകണ്ഠമായാണ് മുകുന്ദനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
മലയാള കഥാ, നോവല്‍ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിക്കുന്നതില്‍ നടുനായകനായി നിന്ന സാഹിത്യകാരനാണ് എം മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി. മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസില്‍ അടയാളപ്പെടുത്തപ്പെട്ട എം മുകുന്ദൻ മലയാളത്തിന്റെ, അതിലുപരി രാജ്യത്തിന്റെ തന്നെ അതിപ്രമുഖ കഥാകാരന്മാരുടെ നിരയില്‍ സ്ഥാനം നേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഹിത്യരംഗത്തെ സമഗ്ര വ്യക്തിത്വത്തിന്റെ ഉടമയാണ് എം മുകുന്ദനെന്നും ജൂറി വിലയിരുത്തി. ഒഎൻവിയുടെ 95ാമത് ജന്മവാർഷിക ദിനമായ മേയ് 27ന് വൈകുന്നേരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന സാംസ്കാരിക സായാഹ്നത്തില്‍ പുരസ്കാരം എം മുകുന്ദന് നല്‍കും.







