
10 വർഷത്തിന് ശേഷം കേരളത്തിൽ യുഡിഎഫ് മന്ത്രിസഭാ അധികാരത്തിലെത്തുകയാണ്. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് വൻ ആഘോഷമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കൂടാതെ കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തിയുള്ള സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിലാണ് വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏറെ വൈകിയ പ്രഖ്യാപനത്തിൽ നിർണായകമായത് ജനവികാരവും ഘടക കക്ഷികളുടെ നിലപാടുകളുമാണ്. പല ട്വിസ്റ്റുകള്‍ക്ക് ഒടുവിലാണ് വിഡി സതീശന്‍ മുഖ്യമന്ത്രി ആയത്. വിഡി സതീശൻ ക്യാബിനറ്റിൽ കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ ആയിരിക്കുമെന്ന് സൂചന. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിൽ നിന്നായിരിക്കും. പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ അനുവദിക്കും. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായി. ആരൊക്കെയാകും മന്ത്രിമാർ എന്നതാണ് ഇനിയുള്ള ആകാംക്ഷ.






