
കോട്ടയം: കനത്ത മഴയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ റേഡിയേഷൻ റൂമിൽ വെള്ളക്കെട്ട്.
പുതിയ സർജിക്കൽ ബ്ലോക്കിൽ വെള്ളമില്ലാതിരുന്നതിനെ തുടർന്ന് നിരവധിത്തവണ ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു.
കെട്ടിടം തകർച്ച, ചോർച്ച, മെഷീൻ തകരാർ എന്നിങ്ങനെ ദുരിതങ്ങൾ വേറെയും. പഴയ ബ്ലോക്കിലാണ് റേഡിയേഷൻ മുറി. ക്യാൻസർ വിഭാഗത്തിന്റെ മുൻഭാഗത്തായുള്ള ഈ കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ശൗചാലയത്തിൽ കൂടിയാണ് മലിനജലം ഇവിടേക്ക് ഒഴുകിയെത്തുന്നത്.
ഡ്രെയിനേജ് സംവിധാനം ഉയർന്ന നിലയിലും റേഡിയേഷൻ നടക്കുന്ന മുറി താഴ്ന്ന നിലയിലുമാണ്. കോൺക്രീറ്റിനുള്ളിലൂടെയും വെള്ളം ചോർന്നൊലിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളക്കെട്ട് രൂപപ്പെട്ടതറിഞ്ഞ് ക്യാൻസർ വിഭാഗം മേധാവി ഡോ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ മറ്റൊരു ഡ്രെയിനേജ് സംവിധാനം തുറന്ന് അതിലൂടെ മലിന ജലം ഒഴുക്കി വിട്ട ശേഷം ശുചീകരിക്കുകയായിരുന്നു.
കഴിഞ്ഞ ഒന്നാം തീയതിയാണ് തകരാറിലായ റേഡിയേഷൻ മെഷീൻ നന്നാക്കി രോഗികൾക്ക് ചികിത്സ നൽകി തുടങ്ങിയത്. കഴിഞ്ഞവർഷത്തെ കുടിശികയായ 1.2 കോടി രൂപ അടച്ചെങ്കിൽ മാത്രമേ തകരാർ പരിഹരിക്കുകയുള്ളൂവെന്നാണ് കമ്പനി അധികൃതർ പറഞ്ഞത്.
ഇതോടെ നിരവധി രോഗികൾ റേഡിയേഷൻ എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടി. തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പി.പുന്നൂസ് കമ്പനി അധികൃതരുമായി ചർച്ച നടത്തി സെപ്തംബറിനുള്ളിൽ കുടിശിക തീർക്കാമെന്ന വ്യവസ്ഥയിലാണ് തകരാർ പരിഹരിച്ചത്.
ഇതിനിടെ മഴ ശക്തമായതോടെ ചോർന്നൊലിക്കുന്ന മുറിയിൽ ചികിത്സ അസാദ്ധ്യമായി.







